കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം; ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ലംഘനം: ചിന്ത ജെറോം

single-img
27 February 2020

സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് എന്നിവ ഉൾപ്പെടെയുള്ള കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. വിദ്യാർത്ഥികൾക്ക് എല്ലാക്കാലത്തും ജനാധിപത്യ വേദികൾ ആവശ്യമാണെന്ന് ചിന്ത ജെറോം പറഞ്ഞു.

ഈ രാജ്യത്ത് ഓരോ വ്യക്തിക്കും രാഷ്ട്രീയ പ്രവർത്തനത്തിന് ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി കൂടുതൽ പഠിച്ച് ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കുമെന്നും ചിന്ത ജെറോം അറിയിച്ചു. കലാലയങ്ങളിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വിദ്യാർത്ഥികൾ പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. അത്തരത്തിലുള്ള ക്യാംപസുകളിൽ സമാധാനപരപമായ ചർച്ചകൾക്കോ സംവാദങ്ങൾക്കോ ഇടമുണ്ടാകണം. അതേസമയംപഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിലുണ്ട്. കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും എന്നും അറിയിച്ചിട്ടുണ്ട്.