ഡൽഹി ‍കലാപം: അർദ്ധരാത്രി ഹൈക്കോടതി ജസ്റ്റിസിന്റെ വീട്ടിൽ വാദം: ഇടപെടാൻ പോലീസിന് കർശന നിർദേശം

single-img
26 February 2020

ഡൽഹി ‍: രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി ഹർജി പരിഗണിച്ച് ഡൽഹി ‍ ഹൈക്കോടതി. ഡൽഹിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള അഭിഭാഷകൻ സുരൂർ മന്ദർ സമർപ്പിച്ച ഹർജിയിലായിരുന്നു വാദം. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ഡൽഹി ‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ഡൽഹിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഡൽഹി പോലീസിന് കർശന നിർദേശം നൽകി.

ഡൽഹിയിൽ ഇപ്പോഴും പല ആശുപത്രികളിലായി പരിക്കേറ്റവരെത്രയെന്നോ, അവരുടെ സ്ഥിതിയെന്നോ ഒരു കണക്കും
ഡൽഹി പോലീസിന്‍റെ പക്കലില്ല. മെഡിക്കൽ/ പോലീസ് കൺട്രോൾ റൂമുകളിൽ നിന്ന് വിവരങ്ങളെടുത്ത് തുടങ്ങാൻ കോടതി നിർദ്ദേശം നൽകി. ഇന്ന് ഉച്ചയോടെ തന്നെ തൽസ്ഥിതി റിപ്പോർട്ട് ഉറപ്പാക്കണമെന്നും കോടതി പോലീസിന് നിർദേശം നൽകി.

വടക്കു കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അക്ര‌മസംഭവങ്ങളിൽ ‘ഞങ്ങൾക്കു പിഴവു പറ്റി, ആവശ്യത്തിനു പോലീസുകാരുണ്ടായിരുന്നില്ല’ – തെറ്റു പറ്റിയ‌െന്നു സമ്മതിക്കുന്നതായി ഡൽഹി പോലീസ് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗ‌ത്തിലാണു ഡൽഹി പോലീസ് കമ്മിഷണർ അമൂല്യ പട്നായിക്ക് ആവശ്യത്തിനു സേനാംഗങ്ങളുണ്ടായിരുന്നില്ലെന്ന് ഏ‌റ്റു പറഞ്ഞത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി 20 കമ്പനി സേനാം‌ഗങ്ങളെ നിയ‌ോഗിക്കേണ്ടി വന്നുവെന്നാണു വിശദീകരണം.