ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗം; കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക്

single-img
26 February 2020

ദില്ലി: ദില്ലിയില്‍ വിദ്വേഷപ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റി. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്കാണ് വിദ്വേഷ പ്രസംഗ കേസ് മണിക്കൂറുകള്‍ കൊണ്ട് മാറ്റിയത്. നാളെ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി.

കേസ് ഇന്ന ്പരിഗണിക്കവെ ജസ്റ്റിസ് മുരളീധര്‍ ബിജെപി നേതാവ് കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറും അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുക്കുന്നതില്‍ തീരുമാനം അറിയിക്കാന്‍ ദില്ലി പോലിസിനോട് നിര്‍ദേശിച്ചിരുന്നു.കൂടാതെ ദില്ലിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി പോലിസിനെ ബെഞ്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ദില്ലി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങള്‍ കണ്ട ശേഷമാണ് ജസ്റ്റിസ് നിര്‍ദേശം പുറപ്പെടുവിച്ചത്.