ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ സോണിയാ ഗാന്ധി കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം: ബിജെപി

single-img
26 February 2020

ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും,അതിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്നും ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി. ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പേരില്‍ സോണിയ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകറും, രവി ശങ്കര്‍ പ്രസാദും ആരോപിച്ചു.

ഡല്‍ഹി കലാപങ്ങളുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരവും, അപലപനീയവുമാണെന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു.ഇതുപോലുള്ള അവസ്ഥകളില്‍ സമാധാനം പാലിക്കാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കേണ്ടത്.അതിന് പകരമായി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തെ രാഷ്ട്രീവത്കരിക്കുന്നത് തെറ്റാണ് എന്നും ജാവദേകര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും ഡല്‍ഹി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയാണ് സോണിയാ ഗാന്ധി നേരത്തെ രംഗത്ത് വന്നത്. സംസ്ഥാന വ്യാപകമായ സംഘര്‍ഷത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും, രാജിവെയ്ക്കണമെന്നുമാണ് സോണി ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും സോണിയാ ഗാന്ധി ആരോപിച്ചിരുന്നു. അതേപോലെതന്നെ സോണിയയുടെ പ്രസ്താവന അനാവശ്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു.