ഡല്‍ഹിയിലേത് വര്‍ഗീയ കലാപമായി മാത്രം കാണാന്‍ കഴിയില്ല: അസദ്ദുദീന്‍ ഒവൈസി

single-img
25 February 2020

കേന്ദ്ര സർക്കാരിലെആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൈദരാബാദിൽ തന്നെ നിൽക്കാതെ തലസ്ഥാനമായ ഡൽഹിയിൽ ചെന്ന് അവിടെയുള്ള സ്ഥിതി​ഗതികൾ വിലയിരുത്തണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ”കിഷന്‍ റെഡ്ഡി അടിയന്തിരമായി ഡൽഹിക്ക് തിരിച്ചുപോകണം. എന്തിനാണ് അദ്ദേഹം ഹൈദരാബാദിൽ നിൽക്കുന്നത്.

ദൽഹിയിലേക്ക് തിരിച്ചുപോയി സ്ഥിതി​ഗതികൾ നിയന്ത്രിക്കണം. അവിടെ പടരുന്ന തീ അദ്ദേഹം കെടുത്തണം. ഇതുവരെ അവിടെ ഏഴ് ആളുകള്‍ മരിച്ചു,”അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. രാജ്യ തലസ്ഥാനത്തിൽ ഇപ്പോള്‍ നടക്കുന്ന സംഭവത്തെ വര്‍ഗീയ കലാപമായി മാത്രം കാണാന്‍ പറ്റില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.ബിജെപിയുടെ നേതാവായ ഒരു മുന്‍ എംഎല്‍എയെക്കൊണ്ടാണ് ഇത് സംഭവിച്ചത്. എന്തുകൊണ്ടാണ് ഇപ്പോഴും സര്‍ക്കാര്‍ മൗനംപാലിക്കുന്നത്?” അദ്ദേഹം ചോദിച്ചു.

തലസ്ഥാനത്തുനടക്കുന്ന അക്രമത്തില്‍ പോലീസ് അക്രമകാരികളുടെ പക്ഷത്താണെന്ന് പറഞ്ഞ ഒവൈസിക്കെതിരെ കിഷന്‍ റെഡ്ഡി നേരത്തെ രംഗത്തെത്തിയിരുന്നു. ഒവൈസി നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു റെഡ്ഡി പറഞ്ഞത്.