പത്താംക്ലാസ് പരീക്ഷയെഴുതാനാകാതെ 29 വിദ്യാര്‍ഥികള്‍; സ്‌കൂളിന് അംഗീകാരമില്ലെന്ന് മറച്ചുവച്ചു

single-img
24 February 2020

കൊച്ചി: സി ബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനാനാ കാത്തത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും. തോപ്പും പടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്.29 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. സ്‌കൂളിന് സിബിഎസ് ഇ അംഗീകാരമില്ലാത്തത് അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നു. പരീക്ഷയ്ക്ക് കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ അറിയിച്ചത്.

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന് അറിയുന്നത്.അരൂജ സ്‌കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ കുട്ടികളെ മറ്റ് സ്‌കൂളുകളിലെത്തിച്ചാണ് പരീക്ഷയെഴുതിച്ചിരുന്നത്.

വിവരമറിഞ്ഞ രക്ഷിതാക്കളും കുട്ടികളും രാവിലെ മുതല്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ കുട്ടികളുടെ ഒരു വര്‍ഷം പാഴായി പോകുമെന്നതിനാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.