വീണ്ടും കല്ലട ദുരന്തം; മെെസൂരിൽ കല്ലട ബസ് മറിഞ്ഞത് കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയല്ല: ബസിനും ഡ്രെെവർക്കുമെതിരെ വെളിപ്പെടുത്തലുമായി യാത്രക്കാരി

single-img
23 February 2020

മൈസൂരിലെ ഹുന്‍സൂരില്‍ നിന്ന് കേരളത്തിലേക്കുള്ള കല്ലട ബസ് മറിഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യാത്രക്കാരി. ബസിനെതിരേയും ഡ്രൈവര്‍ക്കെതിരേയുമാണ് യാത്രക്കാരിയായ അമൃതാ മേനോൻ രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അമിത വേഗതയാണെന്നാണ് അമൃത പറയുന്നത്. 

കാറിനെ രക്ഷിക്കാന്‍ വേണ്ടി ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്നും അമൃത ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നു. ‘കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയല്ല അപകടമുണ്ടായത്. ഡ്രൈവറുടെ തെറ്റ് കൊണ്ട് മാത്രം ഉണ്ടായ അപകടമായിരുന്നു ഇത്. രാത്രി 930നാണ് ബസ് ബാംഗ്ലൂര്‍ നിന്നെടുത്തത്. യാത്ര തുടങ്ങുമ്പോള്‍ മുതല്‍ അമിത വേഗതയിലായിരുന്നു. കുട്ടികളും, ഗര്‍ഭിണികളുമടക്കം ബസിലുണ്ട്. പതിയെ ഓടിക്കാന്‍ യാത്രക്കാരില്‍ പലരും ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണെന്ന് പറഞ്ഞ് അവരെ തിരികെ മടക്കിയയക്കുകയായിരുന്നു’- അമൃത വ്യക്തമാക്കുന്നു. 

കല്ലട ബസിന് പെര്‍മിറ്റില്ലാത്ത വഴിയിലൂടെയാണ് ബസെടുത്തതെന്നും അമൃത പറഞ്ഞു. സ്ലീപ്പര്‍ ബസായിരുന്നു അപകടത്തില്‍ പെട്ടത്. എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. റോഡ് രണ്ടായി തിരിയുന്ന ഒരിടത്ത് ഡ്രൈവര്‍ പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്.  തുടര്‍ന്ന് ബസ് ഒരു പോസ്റ്റില്‍ ഇടിക്കുകയും മറിഞ്ഞ് തലകീഴായി കിടക്കുകയുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വീണ് യാത്രക്കാരില്‍ പലര്‍ക്കും തലയ്ക്കുള്‍പ്പടെ പരുക്കുണ്ടെന്നും അമൃത ലെെവിൽ വ്യക്തമാക്കി. 

അപകടം നടന്നയുടൻ അവിടെത്തിയ പോലീസ് അടക്കം പെര്‍മ്മിറ്റില്ലാത്ത വഴിയിലൂടെ എന്തിന് ബസ് സഞ്ചരിച്ചുവെന്നാണ് ചോദിച്ചതെന്നും അമൃത വ്യക്തമാക്കി. ബസിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചപ്പോള്‍ കാണുന്നത് കാലില്ലാതെ കിടക്കുന്ന ക്ലീനറേയും കയ്യില്ലാതെയും വിരലില്ലാതെയുമൊക്കെ കിടക്കുന്ന മറ്റ് യാത്രക്കാരെയുമായിരുന്നുവെന്നും അമൃത പറയുന്നു. 

This is the truth and reality about the Bangalore – Perinthalmanna Route Kallada Bus accident that happened near Hunsur (Mysore) on 21st February 2020 1:30am. We need to travel safe.. we need to reach our home alive.. please look into this.. Pinarayi Vijayan sir and Kerala Police

Posted by Amrutha Menon on Saturday, February 22, 2020