കൊറോണ: ചൈനീസ് യുവതിക്ക് ബ്രിട്ടനില്‍ അധിക്ഷേപം, എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്കും മര്‍ദനമേറ്റു

single-img
23 February 2020

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് യുവതി ലണ്ടനില്‍ അധിക്ഷേപിക്കപ്പെട്ടു. ഇതെനെ ചോദ്യം ചെയ്ത ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വംശജയായ സുഹൃത്തും ആക്രമണത്തിന് ഇരയായി. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വംശീയ പരാമര്‍ശങ്ങളാണ് അക്രമികളില്‍ നിന്ന് ഉണ്ടായതെന്ന് മീര പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങ് അധിക്ഷേപത്തിനും അക്രമത്തിനും ഇരയായത്. ‘കൊറോണ വൈറസിനെ വീട്ടില്‍ കൊണ്ടുപോകൂ’ എന്ന് പറഞ്ഞായിരുന്നു അക്രമം. എന്നാല്‍ ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ ബോധരഹിതയായി വീണു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണം നടത്തിയത് ഏഷ്യന്‍ വംശജരായ യുവാക്കളാണെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.