‘ജനസേവനമായിരുന്നു വീരപ്പന്റെ ആഗ്രഹം, താന്‍ ബിജെപിയില്‍ ചേര്‍ന്നത് രാജ്യത്തെ സേവിക്കാന്‍: വീരപ്പന്റെ മകള്‍ വിദ്യാറാണി

single-img
22 February 2020

ചെന്നൈ: കാട്ടുകള്ളനായിരുന്ന വീരപ്പന്റെ മകൾ വിദ്യാറാണി ബിജെപിയിൽ ചേർന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവാണ് വിദ്യാറാണിയെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വീകരിച്ചത്. ചടങ്ങില്‍ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുൾപ്പെടെയുള്ളവര്‍ പങ്കെടുത്തു.

‘ജനസേവനം നടത്താനായിരുന്നു അച്ഛന്റെ ആഗ്രഹം എന്നാൽ, അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കും സേവനം ചെയ്യാനാണ് ഞാന്‍ ബിജെപിയിൽ ചേര്‍ന്നത്’ ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം വിദ്യാറാണി പറഞ്ഞു. ഇനി സജീവരാഷ്ട്രീയത്തില്‍ ഇറങ്ങനാണ് ഭിഭാഷകയായ വിദ്യാറാണിയുടെ തീരുമാനം.

വീരപ്പന്റെ ഇളയ മകൾ വിജയലക്ഷ്മി നേരത്തേ വിസികെ പാർട്ടിയിൽ ചേർന്നതായി വാർത്തകളുണ്ടായിരുന്നു. ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പെണ്ണഗരം മണ്ഡലത്തിൽ നിന്നു സ്വതന്ത്രയായി മത്സരിച്ച് തോറ്റിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ഡിഎംകെ സ്ഥാനാർഥിക്കായി അവര്‍ ധർമപുരി മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.