വഴിയിൽ വണ്ടികളുടെ നിലക്കാത്ത ഹോൺ ശബ്ദം ; ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

single-img
22 February 2020

ആലപ്പുഴ: ഉത്സവം കഴിഞ്ഞി മടങ്ങുന്ന വഴിയിൽ വണ്ടിയുടെ ഹോൺ ശബ്ദം കേട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.രാത്രി 11 മണിയോടെ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്ത് വച്ചായിരുന്നു സംഭവം.രണ്ടാം പാപ്പാൻ കൊല്ലം പൂതക്കുളം സ്വദേശി കലേഷ്(45) ആണു മരിച്ചത്.പള്ളിപ്പാട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപ്പു എന്ന ആനയാണ് ഇടഞ്ഞത്.

കുത്തേറ്റ കലേഷിനെ ​ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു. പുലർച്ചെ 2.20ന് കോട്ടയത്തുനിന്നു ഡോ. ബിജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പിലെ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി മടക്കുവെടി വച്ചു കീഴ്പ്പെടുത്തിയാണ് ആനയെ തളച്ചത്. മയക്കുവെടി വച്ച് ആനയെ തളച്ചതോടെയാണ് ഒന്നാാം പാപ്പാനായ സഞ്ജുവിനെ താഴെയിറക്കാനായത്. രാത്രി 10.30 മുതൽ പുലർച്ചെ 2.20 വരെ ആനപ്പുറത്തിരുന്ന സഞ്ജു ക്ഷീണിതനായിരുന്നു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

കൊല്ലത്തെ ആനയെ ഹരിപ്പാട് സ്വദേശി പാട്ടത്തിനെടുത്തതാണ്. പള്ളിപ്പാട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുപോയി തിരികെ വരുമ്പോൾ വണ്ടിയുടെ ഹോൺ ശബ്ദം കേട്ടതാണ് ആന ഇടയാൻ കാരണമായതെന്നു പറയുന്നു. രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഒരു മണിക്കൂറോളം ആന അനങ്ങാതെ നിന്നെങ്കിലും ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി സഞ്ജുവിന് ആ സമയത്ത് ആനപ്പുറത്തുനിന്ന് ഇറങ്ങാനും കഴിഞ്ഞിരുന്നില്ല. അനങ്ങാതെ നിന്ന ആന പിന്നീട് അക്രമാസക്തനാകുകയായിരുന്നു.