രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നു

single-img
22 February 2020

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സംഭവം. ഇതരജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെയാണ് ബന്ധുക്കള്‍ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് 23 വയസ്സുകാരിയായ ശീതള്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റര്‍ അകലെയുള്ള അലിഗഢില്‍ ഉപേക്ഷിച്ചതായി മാതാപിതാക്കള്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും പോലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിത്ത ഒക്ടോബറിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയും അയൽക്കാരനായ യുവാവും രഹസ്യമായി വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

അയല്‍വാസിയായ യുവാവുമായി മൂന്നു വര്‍ഷമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചു. ഇതറിഞ്ഞ കുടുംബാംഗങ്ങളായ ആറുപേര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജനുവരി 30നാണ് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.യുവതിയെ കാണാതായപ്പോൾ തന്നെ അപകടം മണത്ത യുവാവ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനായി ന്യൂ അശോക് നഗര്‍ പോലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യംചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തതില്‍നിന്നാണ് ദുരഭിമാനക്കൊലയാണെന്നു തെളിഞ്ഞത്.