സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഫയർഫോഴ്സ് ബ്രേക്കിടൽ: ഡ്രെെവർ അസിം അലിക്കും പറയാനുണ്ട്

single-img
22 February 2020

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിർത്തിയ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാറിനു നേരേ പാഞ്ഞുവരുന്ന ഒരു ഫയർഫോഴ്സ് വാഹനം. അന്തിച്ചുപോയ കാറിനു മുന്നിൽ ബ്രേക്ക് ചവിട്ടി നിർത്തിയ ഫയർഫോഴ്സ് വാഹനം, കാർ പിന്നിലേക്ക് എടുത്തശേഷം തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഓടിച്ചു പോകുന്നതും വീഡിയോയിൽ കാണാം. `ബ്രേക്ക് കിട്ടിയിരുന്നില്ലെങ്കിൽ കാർ തവിടുപൊടിയായി പോയേനേം´ എന്ന തലക്കെട്ടിൽ പ്രചരിച്ച വീഡിയോ കണ്ടവർ ആദ്യം തലയിലൊന്ന് കെെവയ്ക്കുമെന്നുറപ്പാണ്. 

കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ കയറിപ്പറ്റിയ ഈ വീഡിയോയിലെ ഹീറോയെപ്പറ്റിയുള്ള അന്വേഷണമായിരുന്നു പിന്നീടങ്ങോട്ട്. ഫയർഫോഴ്സ് വാഹനത്തിൻ്റെ ഡ്രെെവർ ആരാണെന്നുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരവും കിട്ടി. റാന്നി ഫയർഫോഴ്സിലെ ആ വാഹനം ഓടിച്ചത് അസിം അലിയായിരുന്നു. റാന്നി ഫയർഫോഴ്സിൽ ഫയർമാൻ ഡ്രെെവർ തസ്തികയിൽ ജോലിനോക്കുകയാണ് അസിം അലി. 

ഒരു അഗ്നിബാധയെ ചെറുക്കാനുള്ള ഓട്ടത്തിനിടയിലാണ് കാർ ഫയർഫോഴ്സ് വാഹനത്തിന് കുറുക്കുവച്ചത്. വെച്ചുച്ചിറയിലേക്കുള്ള ഓട്ടമായിരുന്നു. അതിനിടയിലാണ് സംഭവമെന്ന് അസിം അലി വിവവരിക്കുന്നു. 

`ഫയർകോളിനെ തുടർന്ന് അടിയന്തിര ഘട്ടം നേരിടാൻ നല്ല വേഗതയിലാണ് ഞങ്ങൾ വന്നത്. ഞങ്ങളുടെ വരവ് കണ്ട് ബസ് ഡ്രെെവർ ബസ് നിർത്തിത്തരികയായിരുന്നു. എന്നാൽ അലക്ഷ്യമായി കയറിവന്ന കാർ പെട്ടെന്ന് മുന്നിൽ വന്നുപെട്ടു. സമചിത്തതയോടെ ബ്രേക്ക് ചവിട്ടി അപകടം ഒഴിവാക്കുകയായിരുന്നു´-  അസിം അലി പറയുന്നു. 

മാത്രമല്ല കാർ ഡ്രെെവറെ കുറ്റപ്പെടുത്താനും അസിം അലി തയ്യാറാകുന്നില്ല. ചിലപ്പോൾ ഞങ്ങളുടെ അത്യാവശ്യം അറിയാത്ത ആളായിരിക്കും. അല്ലെങ്കിൽ ഇവിടെയുള്ള ആളായിരിക്കില്ല. എന്തായിരുന്നാലും ഒന്നും പറ്റിയില്ലെന്നു പറഞ്ഞ് ആശ്വസിക്കുകയാണ് അസിം അലി. 

സമുഹ മാധ്യമങ്ങളിൽ ബസ് ഡ്രെെവറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളും നടക്കുന്നുണ്ടെന്നുള്ള കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ കാര്യമറിയാതെയാണ് അങ്ങനെയുള്ള പ്രചരണങ്ങൾ നടക്കുന്നതെന്നു അസിം അലി പറയുന്നു. ബസ് ഡ്രെെവർ ആളെ ഇറക്കാനോ കയറ്റാനോ നിർത്തിയതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ സംഭവം അങ്ങനെയല്ലായിരുന്നു. ഫയർ ഫോഴ്സ് വാഹനം വരുന്നതു കണ്ട് ഡ്രെെവർ ബസ് നിർത്തിത്തരികയായിരുന്നുവെന്നും അസിം അലി പറഞ്ഞു.