‘അ‍‍ടുത്ത അധ്യയന വർഷം മുതൽ കോളെജ് സമയം രാവിലെ 8 മുതൽ ഒരു മണി വരെ’ ; പഠിത്തം കഴി‍ഞ്ഞ് ജോലി!

single-img
21 February 2020

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ളവയുടെ സമയക്രമത്തിൽ സമൂലമാറ്റം നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കുന്നതിനുള്ള ആലോചനകളാണ് പരി​ഗണനയിലുള്ളത്. ഇത് സംബന്ധിച്ച് അഭിപ്രായൈക്യം ഉണ്ടാക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കും. എല്ലാവരും അംഗീകരിച്ചാൽ അടുത്ത അധ്യയന വർഷം തന്നെ ഇതു നടപ്പാക്കുവാനാണ് പദ്ധതി.

അധ്യയന സമയം രാവിലെ 8 മുതൽ ‍ആക്കണമെന്ന നിർദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റേതാണ്. കഴിഞ്ഞ ദിവസം ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാർഥികൾക്കു പഠനത്തിനൊപ്പം ജോലി ചെയ്തു പണം സമ്പാദിക്കാൻ അവസരം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ക്ലാസുകൾ രാവിലെ ആക്കിയാൽ ശേഷിക്കുന്ന സമയം പാർട്ട് ടൈം ജോലികൾക്കായി വിനിയോഗിക്കാമെന്നതുംസ നേട്ടമാണ്. അങ്ങനെയെങ്കിൽ വിദ്യാർതഥികളുടെ പഠനച്ചെലനവ് അവർക്ക് തന്നെ വഹിക്കാനും പഠിച്ചിറങ്ങുമ്പോൾ തന്നെ സ്വയം പര്യാപ്തത കൈവരിക്കാനും കഴിയും.

വിദേശ സർവകലാശാലകളിൽ രാവിലെയും രാത്രിയിലുമെല്ലാം ക്ലാസുകൾ ഉണ്ട്. ഒരു പ്രായത്തിനു ശേഷം അവിടുള്ള വിദ്യാർത്ഥികൾ സ്വയം പര്യാപ്തരുമാണ്. അധ്യാപക, വിദ്യാർഥി സംഘടനാ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേർത്ത് സമയമാറ്റക്രമത്തിൽ അഭിപ്രായൈക്യം ഉണ്ടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

മുൻപ് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ ഇവിടത്തെ കോളജുകളിലും നേരത്തെ ക്ലാസ് തുടങ്ങിയിരുന്നു. സംസ്ഥാനത്തെ പല സിബിഎസ്ഇ വിദ്യാലയങ്ങളിലും ഇപ്പോൾ നേരത്തെയാണു ക്ലാസ് തുടങ്ങുന്നത്. രാവിലെ പഠിക്കാനാണു കൂടുതൽ ഉത്സാഹം തോന്നുകയെന്നതും സമയമാറ്റത്തിനു കാരണമാണ്. മുൻപ് കോളജുകൾ വളരെ ദൂരെ ആയിരുന്നതിനാൽ വിദ്യാർഥികൾക്കു 10 മണിക്കു മുൻപേ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും കോളജുകൾ ഉണ്ടെന്നു മാത്രമല്ല, ആവശ്യത്തിനു യാത്രാസൗകര്യവും ഉണ്ട്. ക്ലാസ് രാവിലെ ആക്കിയാൽ ഉച്ചതിരിഞ്ഞുള്ള സമയം തൊഴിലിനു മാത്രമല്ല പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം. പ്രായോഗിക പരിശീലനം നേടേണ്ട കോഴ്സുകളാണെങ്കിൽ ഈ സമയം അതിനും പ്രയോജനപ്പെടുത്താം. ഇപ്പോൾ നാലിനു കോളജ് വിട്ടാൽ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം ലഭിക്കുന്നില്ല.