താൻ നിഘണ്ടുവിലെഴുതിയ ഒരു വാക്ക് ജീവിതത്തിൽ അനുഭവിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ മഹാൻ്റെ പേരക്കുട്ടിയുടെ വീടാണിത്

single-img
21 February 2020

ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 21ന് മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്.  തിരുവനന്തപുരം അമ്പലംമുക്ക് എൻസിസി റോഡ് ശ്രീഭദ്രാ നഗറിലെത്തിയാൽ ഒരു വീട് കാണാം. ഈ മാതൃഭാഷ ദിനത്തിൽ ഈ വീടിൻ്റെ പേര് വായിക്കുന്ന മലയാളികളുടെ മനസ്സിൽ ഒരു മുഖവും കടന്നുവരും. അതേ… ശ്രീകണ്ഠേശ്വരം എന്ന പേരിലറിയപ്പെടുന്ന സാക്ഷാൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ. മലയാളികൾക്ക് ശബ്ദതാരാവലി എന്ന മഹാ ഗ്രന്ഥം സമ്മാനിച്ച,
താൻ നിഘണ്ടുവിലെഴുതിയ ‘സുഖം’ എന്ന വാക്ക് ജീവിതത്തിൽ അനുഭവിച്ചിട്ടില്ലെന്നു പറഞ്ഞ ശ്രീകണ്ഠശ്വരത്തിൻ്റെ കൊച്ചു മക്കൾ താമസിക്കുന്ന ഈ വീടിന് മറ്റെന്തു പേരിടാനാണ്- ശബ്ദതാരാവലി എന്നല്ലാതെ.

വ്യത്യസ്തമായ പേരോടെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ഈ  വീടിനെക്കുറിച്ചെഴുതിയിരിക്കുകയാണ് ഫേസ്ബുക്കിലൂടെ ടി ബി ലാൽ. ജീവിതത്തിലെ സുഖങ്ങളും സന്തോഷങ്ങളുമെല്ലാം മാറ്റിവച്ചു വർഷങ്ങൾ നീണ്ട തപസ്സുകൊണ്ടാണു അപ്പൂപ്പൻ മലയാളത്തിന്റെ ആധാരഗ്രന്ഥമായ ശബ്ദതാരാവലി പൂർത്തിയാക്കിയതെന്നു വീട്ടിലെ ഇപ്പോഴത്തെ താമസക്കാരിയായ ശ്രീകണ്ഠേശ്വരത്തിൻ്റെ ചെറുമകൾ സുശീലാദേവി ഓർക്കുന്നു. 

ലയാളം നിലനിൽക്കുന്നിടത്തോളം കാലം ശബ്ദതാരാവലിയുമുണ്ട്. ഒരിക്കലും പൂർണമാകില്ല എന്നതാണു ഈ നിഘണ്ടുവിന്റെ പ്രത്യേകത. ഭാഷയിലുണ്ടാകുന്ന പുതിയ പദങ്ങളും ഗ്രാമ്യ നഗര ഭാഷകളിലെ പ്രയോഗങ്ങളുമൊക്ക ചേർന്നു ഭാഷ വളരുന്നു. പുതിയ കാലത്തെ ഓരോ വാക്കും കൂട്ടിച്ചേർത്തു തന്റെ മരണശേഷവും ശബ്ദതാരാവലി പരിഷ്കരിക്കണമെന്നായിരുന്നു പത്മനാഭപിള്ളയുടെ നിർദേശം. മറ്റൊരു മകനായ ദാമോദരൻ നായർ ശബ്ദതാരാവലി പരിഷ്കരിക്കുന്ന ദൗത്യം ഏറ്റെടുത്തത് അങ്ങനെയാണ്.

താജ്മഹൽ നിർമിക്കാനെടുത്തതും ഇരുപതു വർഷമാണ്. അതുണ്ടാക്കിയ ഷാജഹാൻ ചക്രവർത്തിയെക്കുറിച്ച് മലയാളികൾക്കറിയാം. എന്നാൽ ഭാഷയുടെ ചക്രവർത്തിയായ ശ്രീകണ്ഠേശ്വരത്തിൻ്റെ ആ 20 വർഷത്തെക്കുറിച്ച് എത്ര പേർക്കറിയാമെന്നും ടിബി ലാൽ ചോദിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

ഗേറ്റിൽ വീടിന്റെ പേരു കാണുന്നവർ ഒന്നുകൂടി സൂക്ഷിച്ചു നോക്കും. പിന്നെ ഇങ്ങനെ വായിക്കും: ‘ശബ്ദതാരാവലി.’ അതെ, മലയാള ഭാഷയിലെ മഹാനിഘണ്ടുവിന്റെ പേരു തന്നെ. അമ്പലംമുക്ക് എൻസിസി റോഡ് ശ്രീഭദ്രാ നഗറിലാണ് ‘ശബ്ദതാരാവലി’യെന്ന ഈ വീട്. രണ്ടു പതിറ്റാണ്ടു കൊണ്ട് മഹാനിഘണ്ടു തീർത്ത ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ കൊച്ചുമകൾ സുശീലാദേവിയും മകൾ മാലിനിദേവിയും ഭർത്താവ് ഡോ. കെ. റവിയും കുടുംബാംഗങ്ങളുമാണ് ഈ വീട്ടിലെ താമസക്കാർ. ശ്രീകണ്ഠേശ്വരത്തിന്റെ മൂത്ത മകൻ ചന്ദ്രശേഖരൻ നായരുടെ മകളാണു സുശീലാദേവി.

ജീവിതത്തിലെ സുഖങ്ങളും സന്തോഷങ്ങളുമെല്ലാം മാറ്റിവച്ചു വർഷങ്ങൾ നീണ്ട തപസ്സുകൊണ്ടാണു അപ്പൂപ്പൻ മലയാളത്തിന്റെ ആധാരഗ്രന്ഥമായ ശബ്ദതാരാവലി പൂർത്തിയാക്കിയതെന്നു സുശീലാദേവി ഓർക്കുന്നു. ശബ്ദതാരാവലിയുടെ ആദ്യസഞ്ചിക പുറത്തുവന്നത് 1917ലാണ്.

‘ ഞാൻ കുട്ടിയാണ്. അപ്പൂപ്പൻ വാർധക്യത്തിലേക്കു കടന്നിരുന്നു. എങ്കിലും പുസ്തകങ്ങളുമായി ഇരിക്കുന്ന ഓർമയുണ്ട്. സംസാരത്തിനിടെ വീണു കിട്ടുന്ന ഓരോ പുതിയ വാക്കും അദ്ദേഹം കുറിച്ചു വയ്ക്കും. കവികളും എഴുത്തുകാരും സാധാരണക്കാരുമൊക്കെയായി വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചകളിൽ വീണു കിട്ടുന്ന വാക്കുകൾ നിധി പോലെ സൂക്ഷിക്കും. ഓരോ വാക്കും രൂപപ്പെട്ടതിന്റെ ചരിത്രവും ഉപയോഗിക്കുന്ന മേഖലയുമെല്ലാം കുറിപ്പുകളാക്കിയിരുന്നു.

മലയാളം നിലനിൽക്കുന്നിടത്തോളം കാലം ശബ്ദതാരാവലിയുമുണ്ട്. ഒരിക്കലും പൂർണമാകില്ല എന്നതാണു ഈ നിഘണ്ടുവിന്റെ പ്രത്യേകത. ഭാഷയിലുണ്ടാകുന്ന പുതിയ പദങ്ങളും ഗ്രാമ്യ നഗര ഭാഷകളിലെ പ്രയോഗങ്ങളുമൊക്ക ചേർന്നു ഭാഷ വളരുന്നു. പുതിയ കാലത്തെ ഓരോ വാക്കും കൂട്ടിച്ചേർത്തു തന്റെ മരണശേഷവും ശബ്ദതാരാവലി പരിഷ്കരിക്കണമെന്നായിരുന്നു പത്മനാഭപിള്ളയുടെ നിർദേശം. മറ്റൊരു മകനായ ദാമോദരൻ നായർ ശബ്ദതാരാവലി പരിഷ്കരിക്കുന്ന ദൗത്യം ഏറ്റെടുത്തത് അങ്ങനെ.

സ്കൂൾ ഫീസിനുള്ള പണമില്ലാതെ സ്കൂൾ പഠനം ഉപേക്ഷിക്കേണ്ട വന്നയാളാണു പത്മനാഭപിള്ള. വർഷങ്ങൾക്കുശേഷം ലഭിച്ച സർക്കാർ ജോലി നിഘണ്ടു രചനയ്ക്കായി രാജിവച്ചൊഴിഞ്ഞു. അതു കേട്ടു ചുറ്റുമുള്ളവർ പരിഹസിച്ചു. എഴുത്തു മാത്രമായിരുന്നു വരുമാനം. തിരുവാതിരപ്പാട്ടു മുതൽ കവിതയും ജീവചരിത്രവും വരെ വിവിധ ശ്രേണികളിലായി ഒട്ടേറെ പുസ്തകങ്ങളെഴുതി. കണ്ടത്തിൽ വറുഗീസ് മാപ്പിള 1891ൽ കേരളവർമ വലിയകോയിത്തമ്പുരാന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭാഷാപോഷിണി സഭ നിഘണ്ടുനിർമാണ പ്രമേയം പാസാക്കിയതോടെയാണ് മലയാള നിഘണ്ടു സംബന്ധിച്ച ചർച്ചകൾ സജീവമായത് ഭാരിച്ച ആ ദൗത്യം ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനെ തുടർന്നാണ് ശ്രീകണ്ഠേശ്വരം ചുമതലയേൽക്കുന്നത്. 20 വർഷം ഊണും ഉറക്കവുമൊഴിഞ്ഞുള്ള കഠിനപ്രയത്നത്തിനുശേഷം ശബ്ദതാരാവലി പിറന്നു.

താൻ നിഘണ്ടുവിലെഴുതിയ ‘സുഖം’ എന്ന വാക്ക് ജീവിതത്തിൽ അനുഭവിച്ചിട്ടില്ലെന്നു പത്മനാഭപിള്ള ദു:ഖത്തോടെ എഴുതിയിട്ടുണ്ട്. താജ്മഹൽ നിർമിക്കാനെടുത്തതും ഇരുപതു വർഷമാണ്. അതുണ്ടാക്കിയ ഷാജഹാൻ ചക്രവർത്തിയെക്കുറിച്ച് മലയാളികൾക്കറിയാം. എന്നാൽ ഭാഷയുടെ ചക്രവർത്തിയായ ശ്രീകണ്ഠേശ്വരത്തെക്കുറിച്ച് എത്ര പേർക്കറിയാം ?