പൗരത്വഭേദഗതി നിയമം മുസ്ലിങ്ങളെ രാജ്യം ഇല്ലാത്തവരാക്കും: യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ട്

single-img
21 February 2020

വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍. എന്‍ആര്‍സിയും പൗരത്വഭേദഗതിയും നടപ്പാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ മുസ്ലിംങ്ങളെ ലക്ഷ്യമിടുന്നതായി ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ പറഞ്ഞു.

Support Evartha to Save Independent journalism

മുസ്ലിങ്ങള്‍ ദേശീയ പൗരത്വപട്ടികയില്‍ നിന്ന് പുറത്താകുന്നത് മുമ്പില്‍ കണ്ടാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തിലേക്കാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. മുസ്ലിങ്ങളെ ദേശീയ പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കാനും രാജ്യം ഇല്ലാത്തവരായി മാറ്റാനും നാട് കടത്താനും കാലങ്ങളോളം തടങ്കല്‍ പാളയങ്ങളില്‍ അടച്ചിടാനുമൊക്കെ പൗരത്വഭേദഗതി നിയമം വഴിയൊരുക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നതില്‍ നിന്നുള്ള തിരിച്ചുപോക്കാണിത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവന ഇതിനുള്ള തെളിവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അമിത്ഷായുടെ പ്രസ്താവനകള്‍ പോലും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഈ വിലയിരുത്തല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യക്ക് ഭാവിയില്‍ തിരിച്ചടിയായേക്കും.