കരുണ സംഗീത നിശ സാമ്പത്തിക പരാജയമെന്ന് ഭാരവാഹികൾ ; ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

single-img
20 February 2020

കൊച്ചി: പ്രളയ ദുരിതാശ്വാസനിധി സമാഹരണത്തിനായി സംവിധായകന്‍ ആഷിഖ് അബു സംഘടിപ്പിച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണി ഓര്‍ഡര്‍ അയച്ചത്. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളടക്കം ആരോപണം ഉന്നയിച്ചതോടെ ചെറിയൊരു തുകമാത്രം നല്‍കി രക്ഷപെടാനാണ് സംഘാടകരുടെ ശ്രമമെന്ന് സമരക്കാര്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

അതേ സമയം കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണത്തിൽ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ (കെഎംഎഫ്) രം​ഗത്തെത്തി. പ്രസിഡന്റ് ബിജിപാൽ, ജനറൽ സെക്രട്ടറി ഷഹബാസ് അമൻ, മറ്റു ഭാരവാഹികളായ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ശ്യാം പുഷ്കരൻ, കെ.എം.കമൽ, മധു സി. നാരായണൻ എന്നിവര്‍. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിശദീകരണ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ സംഘടിപ്പിച്ച സംഗീത നിശ സാമ്പത്തിക പരാജയമായിരുന്നുവെന്ന് ഭാരവാഹികൾ പറയുന്നു.ടിക്കറ്റ് വരുമാനമടക്കം സ്വന്തം അക്കൗണ്ടിലേക്ക് അല്ല വരുന്നതെന്നും, ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക, ഭാരവാഹികൾ ചേർന്ന് സ്വന്തം കയ്യിൽ നിന്ന് ഇട്ട് കൊടുത്തതാണെന്നും കെഎംഎഫ് പ്രസിഡന്‍റ് ബിജിബാൽ വ്യക്തമാക്കി.

Documents uploaded at http://karunakochi.in

Documents uploaded at http://karunakochi.in#Karuna #KochiMusicFoundation

Posted by Kochi Music Foundation on Wednesday, February 19, 2020

പരിപാടിക്കായി 23 ലക്ഷം രൂപ ചെലവായി. 23 ലക്ഷം രൂപയിൽ ഇനിയും രണ്ട് ലക്ഷം രൂപ കൊടുത്തു തീർക്കാനുണ്ടെന്നും ബിജിബാൽ വ്യക്തമാക്കുന്നു. ടിക്കറ്റ് കളക്ടർ, ബുക്ക് മൈ ഷോ എന്നീ ആപ്ലിക്കേഷൻസ് വഴി, ഓൺലൈനായി മാത്രമായിരുന്നു ടിക്കറ്റുകളുടെ വിൽപന നടന്നത്. 500, 1500, 2500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ആകെ ഇതിൽ രണ്ടിലുമായി വിറ്റ് പോയത് 908 ടിക്കറ്റുകൾ മാത്രമാണ്. ഈ വകയിൽ കിട്ടിയത് 7,35,500 രൂപ മാത്രമാണ്. ടിക്കറ്റ് കൗണ്ടറിൽ ക്യാഷ് സെയിൽ വഴി കിട്ടിയത് 39,000 രൂപയാണ്. അങ്ങനെ ആകെ 7,74,500 രൂപ ടിക്കറ്റ് വരുമാന ഇനത്തിൽ കിട്ടിയതിൽ നികുതി കിഴിച്ച് 6,021,93 രൂപയാണ് ബാക്കിയുണ്ടായിരുന്നത്.

ടിക്കറ്റ് വരുമാനത്തിൽ ഈ തുക ഞങ്ങളുടെ കയ്യിൽ നേരിട്ട് വരികയല്ല ചെയ്യുക എന്നത് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്ന് ബിജിബാൽ പറയുന്നു. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉൾപ്പടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത്. അവർ സർവീസ് ചാർജ് ഒഴിവാക്കിയാണ് ബില്ല് തന്നത്. അവർ 19 ലക്ഷം രൂപയുടെ ബില്ലാണ് തന്നത്. ഇത് ടിക്കറ്റ് ഇനത്തിൽ കിട്ടിയ ആറര ലക്ഷം ഒഴിവാക്കിയിട്ടുള്ള ബില്ലായിരുന്നു. ലൈറ്റ് ആന്‍റ് സൗണ്ട്, മറ്റ് ക്യാമറാ ചെലവുകൾ, നേരിട്ട് കൊടുക്കേണ്ട തുക അടക്കമെല്ലാം കൂട്ടിയാണ് ആകെ ചെലവ് 23 ലക്ഷം എന്ന് കണക്ക് കൂട്ടിയത് – ബിജിബാൽ വ്യക്തമാക്കുന്നു.