കഞ്ചിക്കോട്ടെ കമ്പനിയുടെ പ്രവര്‍ത്തനം നിർത്തിവെക്കണം; പെപ്സിക്ക് പഞ്ചായത്തിന്റെ നോട്ടീസ്

single-img
19 February 2020

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പെപ്സി കമ്പനിയുടെ പ്രവര്‍ത്തനം നിർത്തിവെക്കണമെന്ന് കാണിച്ച് പഞ്ചായത്ത് നോട്ടീസയച്ചു.കമ്പനി നടത്തുന്ന അമിത ജലചൂഷണം കാരണം പ്രദേശത്ത് ജലക്ഷാമം അനുഭവപെടുന്ന പശ്ചാത്തലത്തിലാണ് പുതുശ്ശേരി പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.

അടുത്തമാസം മൂന്ന് മുതല്‍ ജൂണ്‍ മൂന്ന് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഓരോ ദിവസവും 6 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് പെപ്സി കമ്പനി ഉപയോഗിക്കുന്നത്. കമ്പനിക്ക് അതിന്റെ ഉള്ളിലുള്ള കുഴല്‍ കിണറില്‍ നിന്ന് ഉപയോഗക്കുന്ന വെള്ളത്തിന്‍റെ കണക്ക് മാത്രമാണിത്.

കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ കിണറുകള്‍ അടക്കം ഉള്ള ജലസ്രോതുസുകളിലും വെള്ളമില്ലെന്ന് പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ പറയുന്നു. നിലവിൽ പുതുശ്ശേരി പഞ്ചായത്തില്‍ കിന്‍ഫ്രയുടെ ബിയർ നിർമ്മാണ കമ്പനി ഉള്‍പെടെ പ്രവർത്തിക്കുന്നുണ്ട്.ജലം അമിതമായി ഉപയോഗിക്കുന്ന എല്ലാ കമ്പനികളുടെയും പ്രവർത്തനം നിർത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.