ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കുന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം ; വിശദീകരണവുമായി പോലീസ്

single-img
19 February 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ വിശദീകരണവുമായി പോലീസ് രംഗത്ത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വിവി പ്രമോദ് കുമാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു.

നിയമലംഘനം കണ്ടെത്താന്‍ പുറത്തെ ഏജന്‍സിയെ ഏല്‍പ്പിക്കുന്ന പദ്ധതിയുണ്ട്. പൊലീസിന് പുറത്തുള്ള വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിലയിരുത്തി വരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം മാത്രം കരാറെന്നുമാണ് പോലീസ് വിശദീകരണം. ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. സര്‍ക്കാർ തലത്തിലെ പരിശോധനക്കും വിലയിരുത്തലിനും ശേഷം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാകൂ. സാമ്പത്തിക പരിശോധന പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പോലീസ് സേന വ്യക്തമാക്കി.