വുഹാനില്‍നിന്ന് ഇനിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും; തയാറായി വ്യോമസേനയുടെ ഏറ്റവും വലിയ വിമാനം

single-img
18 February 2020

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ആവശേഷിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ നീക്കം. വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി 17 ഗ്ലോബ്‌മാസ്റ്റര്‍ ഇതിനുവേണ്ടി ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും.

നേരത്തേ എയര്‍ ഇന്ത്യയുടെ രണ്ടുവിമാനങ്ങളിലായി 640 പേരെ ഇന്ത്യ ചൈനയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.

ചൈനയിലേക്ക് മരുന്നുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും അയയ്ക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവയും ഈ വിമാനത്തില്‍ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ചൈനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചതിനും സഹായ വാഗ്ദാനം നല്‍കിയതിനും ഇന്ത്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി രംഗത്തെത്തിയിരുന്നു.

ചൈനയില്‍ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണം കുത്തനെ ഉയരുന്നതാണ് ശേഷിക്കുന്ന പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു . 1868 പേരാണ് ഇതുവരെ മരിച്ചത്. 72,436 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.