ഷോപ്പിങ് മാളില്‍ ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദനം; ആദിവാസി വിദ്യാര്‍ത്ഥി മരിച്ചു

single-img
18 February 2020

ഹൈദരാബാദ് : ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് അരോപിച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എല്‍. സതേഷ്(17) എന്ന ആദിവാസി വിദ്യാര്‍ഥിയാണ് മരിച്ചത്. വനസ്തലിപുരത്തെ സ്വകാര്യ സ്കൂളില്‍ പ്ലസ്റ്റുവിന് പഠിക്കുന്ന കുട്ടി സുഹൃത്തുക്കളുമൊന്നിച്ച് മാളില്‍ ചോക്ലേറ്റ് വാങ്ങാന്‍ എത്തിയതായിരുന്നു. മാള്‍ അധികൃതര്‍ ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചതായി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ വിദ്യാര്‍ത്ഥിയെ തപ്പിനോക്കിയപ്പോള്‍ തന്നെ ബോധം പോയതായും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും അപ്പോള്‍ മരിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഹൃദയസ്തംഭനമായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

അതേസമയം സംഭവസമയത്തെ ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി മോഷണം നടത്തിയതിന്റെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.