ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ അഞ്ചു മണ്ടത്തരങ്ങൾ

single-img
17 February 2020

രാജ്യത്തെ വർദ്ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം കണ്ടെത്തിക്കൊണ്ട് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു. സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന വിവാഹ മോചനത്തിന് കാരണമെന്നുമാണ് അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. 

സ്ത്രീകളെ വീട്ടില്‍ അടക്കിയിരുത്തിക്കൊണ്ട് കഴിഞ്ഞ 2000 വര്‍ഷത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്‍റെയും ഫലമായുണ്ടാക്കിയതാണ്  ഇപ്പോഴത്തെ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന സമയമാണ് ഭാരതത്തിൻ്റെ സുവർണ്ണ കാലഘട്ടമെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.

സ്ത്രീവിരുദ്ധ പരാമർശങ്ങളും മണ്ടത്തരങ്ങളും മോഹൻ ഭാഗവതിൽ നിന്നുമുണ്ടാകുന്നത് ആദ്യമായല്ല. വിവിധ കാലങ്ങളിൽ വിവിധ തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അത്തരം ചില പ്രസ്താവനകൾ ഇതാ: 

സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്, ഭാരതത്തിലല്ല

ഡൽഹിയിൽ നടന്ന് രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിനോടനുബന്ധിച്ചാണ് ആർഎസ്എസ് മേധാവിയിൽ നിന്നും പ്രസ്തുത പരാമർശമുണ്ടായത്. സ്ത്രീപീഡനങ്ങൾ ഭാരത്തിൽ നടക്കാറില്ല. അത് നടക്കുന്നത് ഇന്ത്യയിലാണ്. മോഹൻ ഭാഗവതിൻ്റെ പ്രസ്താവനയ്ക്ക് എതിരെ അന്ന് ബഹുഭൂരിപക്ഷം രംഗത്തെത്തിയിരുന്നു. 

സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്നത് ഇന്ത്യയിലെ നഗരങ്ങളിലാണെന്നും ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് മോഹന്‍ ഭഗവത് അന്ന് പറഞ്ഞത്.  ഗ്രാമത്തിലോ വനത്തിലോ കൂട്ടമാനഭംഗമോ ലൈംഗിക കുറ്റകൃത്യങ്ങളോ ഇല്ലെന്നും േമാഹൻ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. 

ആൾക്കൂട്ട കൊലപാതകങ്ങളുടെ ഉത്ഭവം ബെെബിളിൽ നിന്നും

ആൾക്കൂട്ട കൊലപാതകങ്ങളുടെ ഉത്ഭവം ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബെെബിളാണെന്ന പ്രസ്താവനയും മോഹൻ ഭാഗവത് നടത്തിയിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകത്തെപ്പറ്റിയുള്ള പരാമർശങ്ങൾ അന്വേഷിച്ചു ചെന്നാൽ നമ്മൾ എത്തിപ്പെടുക, വിദേശത്തുനിന്ന് ഭാരതത്തിലേക്ക് കൊണ്ടുവന്ന ഒരു മതഗ്രന്ഥത്തിലാണ്. മതവുമായി കാര്യമായ ബന്ധമൊന്നുമില്ല, എന്നാലും അങ്ങനെ ഒരു സംഭവം ആ പുസ്തകത്തിൽ പറയുന്നുണ്ട്- മോഹൻ ഭാഗവത് പറയുന്നു.

ഏതോ ഗ്രാമത്തിലെ ആളുകളെല്ലാം കൂടി ഒന്നിച്ചുചേർന്ന് അവിടത്തെ പാപിയായൊരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചു. അപ്പോഴാണ് യേശുക്രിസ്തു ആ വഴി വരുന്നത്. അദ്ദേഹം ഗ്രാമീണരോട് ചോദിച്ചു, ” ഈ സ്ത്രീ പാപിയായതുകൊണ്ടാണ് നിങ്ങൾ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചത് അല്ലേ..? ന്യായം തന്നെ. പക്ഷേ, ഒന്നുണ്ട്.. നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം ഇവരെ കല്ലെറിയിൻ..!  അപ്പോഴാണ് ഗ്രാമീണർക്ക് തങ്ങളുടെ പാപങ്ങളെപ്പറ്റി ബോധ്യമുണ്ടായത്. അങ്ങനെ അവർ ആ തീരുമാനം മാറ്റി എന്നാണ് സംഭവവിവരണം. നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും നടക്കാറില്ല.´´- മോഹൻ ഭാഗവത് പറയുന്നു. 

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ

ഇന്ത്യക്കാരായിട്ടുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന കൗതുക പ്രസ്താവയും േമാഹൻഭാഗവതിൻ്റേതായി പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി വിവാദമായ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് തലവൻ്റെ പ്രസ്താവന എത്തിയത്. ഭാരതാംബയുടെ എല്ലാ ശരിയായ പുത്രന്മാരും ഹിന്ദുക്കളാണ്. ഭാഷയോ മതമോ പ്രദേശമോ പ്രശ്നമല്ലെന്നും ഭാരതാംബയുടെ മക്കളെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു മോഹൻ ഭഗവതിന്‍റെ പ്രസ്താവന.

ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി. ഇത്തരത്തിൽ ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും മോഹൻ ഭഗവത് പറഞ്ഞിരുന്നു. 

ഭാര്യാ- ഭർതൃ ബന്ധം ഒരു കരാർ; കരാര്‍ സ്ത്രീ തെറ്റിച്ചാൽ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം

ഭാര്യ വീട്ടുജോലിയും ചെയ്ത് പുരുഷനെ തൃപ്തിപ്പെടുത്തിയാൽ പുരുഷൻ അവളെ സംരക്ഷിക്കുമെന്നുള്ളതാണ് ഭാര്യാ- ഭർതൃ ബന്ധത്തിൻ്റെ കരാർ. കരാർ തെറ്റിച്ചാൽ പുരുഷന് സ്ത്രീയെ തള്ളിപ്പറയാമെന്നും മോഹൻ ഭാഗവതിൻ്റെ പ്രസ്താവനയായി പുറത്തുവന്നിട്ടുണ്ട്. 

ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹ്യകരാറിൻ്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നുമാണ് മോഹൻ ഭാഗവത് പറയുന്നത്. പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം- ആർഎസ്എസ് തലവൻ പറയുന്നു. 

മദർ തെരേസയുടെ ലക്ഷ്യം മതപരിവർത്തനം

ക്രൈസ്തവ മതത്തിലേക്ക് മദര്‍ തെരേസ മതംമാറ്റം നടത്തുകയായിരുന്നെന്നുള്ളതായിരുന്നു മോഹന്‍ ഭാഗവതിൻ്റെ മറ്റൊരു പ്രസ്താവന. മത പരിവര്‍ത്തനമുള്‍പ്പെടെയുള്ള ഉദ്ദേശങ്ങളും മദര്‍ തെരേസയുടെ സേവനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നുവെന്ന് ഭാഗവത് ആരോപിച്ചു. സേവനത്തിൻ്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍ അതൊരു മോശം സേവനമാണെന്നും ഭഗവത് പറഞ്ഞിരുന്നു.