അസമില്‍ പ്രവേശിക്കാന്‍ ഇനി പ്രത്യേകാനുമതി വേണം; ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ ശുപാർശ

single-img
17 February 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഏറ്റവും ശക്തമായിനടന്ന അസമിൽ ആകെ ഇന്നർ ലൈൻ പെർമിറ്റ്ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശ. അസമിലെ ജനങ്ങളുടെ ജനതയുടെ ഭരണഘടനാപരവും, നിയമപരവും, ഭരണപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

അസമിൽ വളരെ ശക്തമായ സാന്നിധ്യമായ ഉൾഫ ഉൾപ്പടെയുള്ള തീവ്രവാദസംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി ഒപ്പുവച്ച അസം ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച ഉന്നതതല സമിതിയാണിത്. ഇതുവരെ അസമിൽ മൂന്ന് ജില്ലാ കൗൺസിലുകൾ മാത്രമാണ് ഇന്നർ ലൈൻ പെർമിറ്റിന് കീഴിൽ പ്രത്യേകാധികാരങ്ങളോടെ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ പൗരൻമാരാണെങ്കിൽപ്പോലും ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം.

പ്രത്യേക സംരക്ഷണം ആവശ്യമായ വിഭാഗമായ ഗോത്രവിഭാഗങ്ങളുള്ള അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇന്നർലൈൻ പെർമിറ്റ് ഉള്ളത്. വിനോദയാത്രികർക്കും, പാട്ടക്കാർക്കും, മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാനം സന്ദർശിക്കുന്നവർക്കും തരാം തിരിച്ചുള്ള ഇന്നർ ലൈൻ പെർമിറ്റാണ് നൽകുക.മാത്രമല്ല, ഇന്നർലൈൻ പെർമിറ്റുള്ള സംസ്ഥാനങ്ങൾക്ക് ഭരണപരമായ മറ്റ് പ്രത്യേക അധികാരങ്ങളുമുണ്ടാകും. ഇത്തരത്തിൽ ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുന്നതോടെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ അസമിൽ തണുക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ പ്രതീക്ഷ.