കെസി വേണുഗോപാൽ ബിജെപിയുടെ രക്ഷകനെന്നു കോൺഗ്രസ് നേതാവ്: പ്രസ്താവനയ്ക്കു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കി

single-img
17 February 2020

കോണ്‍ഗ്രസ് ദശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ´ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.  ബിജെപിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത നേതാവിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടിയുടെ സമുന്നത നേതാവായ കെ.സി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നടപടി നോട്ടീസില്‍ ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ എം.ലിജു അറിയിച്ചു. അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി.

ആലപ്പുഴ മുന്‍ എം.പിയാണ് കെ.സി വേണുഗോപാല്‍. അതേ ജില്ലയില്‍ നിന്നുള്ള നേതാവായ ദിലീപ് കുമാര്‍ വേണുഗോപാലിനെ ആക്ഷേപിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ രീതിയിൽ ചർച്ചയായി ഉയർന്നുവന്നിരുന്നു.