ആധാറും ആധാരവും തമ്മിൽ ബന്ധിപ്പിക്കാൻ ഉത്തരവ്: എവിടെയൊക്കെ എത്ര അളവിൽ ഭൂമിയുണ്ടെന്ന കണക്ക് ഇനി സർക്കാർ അറിയും

single-img
17 February 2020

സംസ്ഥാനത്തെ ഭൂ ഉടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിൻ്റെ നിർണ്ണായക ഉത്തരവ്. ഇതോടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. 

ഭൂഉടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ദേശീയതലത്തില്‍ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.

ഭൂ ഉടമകളെ സംബന്ധിച്ച് നിർണ്ണായകമായ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റീസര്‍വേയിലൂടെ ഭൂമി അളന്നു തിട്ടപ്പെടുത്തിയ ഘട്ടത്തില്‍ സര്‍വേ നമ്പറുകളും മറ്റും മാറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു പലരും ഉടമസ്ഥതയിലുള്ള ഭൂമി അളവില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയിരുന്നു. ആധാരവും ഭൂഉടമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഓണ്‍െലെനില്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റെലെസേഷന്‍ റീസര്‍വേ നടത്തിയത്. ആധാരത്തിലെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ റീസര്‍വേയിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നുംസര്‍ക്കാര്‍ കരുതുന്നു. 

ഒരു പൗരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കാര്‍ഡിലേക്കൊതുക്കുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട നടപടി െകെക്കൊണ്ടത്. യു.പി.എ.സര്‍ക്കാരാണ് ആധാര്‍ നടപ്പാക്കിയതെങ്കിലും മോഡിസര്‍ക്കാര്‍ സമസ്ത മേഖലയിലേക്കും വ്യാപിപ്പിച്ചതോടെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തിറങ്ങിയിരുന്നു. 

പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് ആധാറെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതോടെ ആധാര്‍ കോടതി കയറുകയും ചെയ്തു. ഇതിനിടെയാണ് ഭൂ ഇടപാടിൽ ആണധാറിനെ ബന്ധപ്പെടുത്തി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.