കാമുകനുമായുള്ള തർക്കത്തിനിടെ ഭയപ്പെടുത്താൻ കയ്യില്‍ക്കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച് യുവതി: തീകൊളുത്തി കാമുകൻ

single-img
16 February 2020

കാമുകനുമായുള്ള തർക്കത്തിനിടെ കയ്യില്‍ക്കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച സ്ത്രീയെ കാമുകന്‍ തീകൊളുത്തി. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലാസല്‍ഗാവ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കാമുകനെ ഭയപ്പെടുത്താൻ പെട്രോൾ സ്വന്തം ദേഹത്തൊഴിച്ച ലക്ഷ്മിബായി റാവത്ത്(35) അമ്പതുശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലാണ്. ലക്ഷ്മിബായിയുടെ കാമുകന്‍ രാമേശ്വര്‍ ഭാഗവത്(25) സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 

പ്രണയത്തിലായിരുന്ന രാമേശ്വറും ലക്ഷ്മിബായിയും ഒരുമാസം മുമ്പ് ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായിരുന്നു. ഇതിനു പിന്നാലെ രാമേശ്വര്‍ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതില്‍ പ്രകോപിതയായ ലക്ഷ്മിബായി, ബസ് സ്റ്റാന്‍ഡിലേക്ക് രാമേശ്വറിനെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. ഈ സമയം രാമേശ്വറിനൊപ്പം ഒരു ബന്ധുവും മറ്റൊരാളുമുണ്ടായിരുന്നു. 

കൂടിക്കാഴ്ചയിൽ ലക്ഷ്മിബായിയും രാമേശ്വറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ലക്ഷ്മിബായി കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ, ലക്ഷ്മിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി രാമേശ്വര്‍ കൈക്കലാക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്ന് രാമേശ്വര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. നാസിക്ക് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിലെത്തി ലക്ഷ്മിബായിയെ സന്ദര്‍ശിച്ചു.