ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച് തുടങ്ങി

single-img
16 February 2020

ന്യൂദല്‍ഹി: പോലീസിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. ഇന്ത്യന്‍ പതാകകകളും സി‌എ‌എയ്ക്ക് എതിരായ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്.

മാര്‍ച്ചിന് പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ പ്രതിഷേധക്കാര്‍ക്ക് മുന്നോട്ട് പോകാന്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തടസ്സമാകും. എന്നാല്‍ ഇത് വകവയ്ക്കാതെ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രദേശം കനത്ത പോലീസ് ബന്തവസ്സിലാണ്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അമിത്ഷായുമായി ചര്‍ച്ച്യ്ക് പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സംഘാടകര്‍ തിരുമാനിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമാരംഭിച്ചത്.