സുരക്ഷിതമായ ലെെംഗികബന്ധം പോലും സാധിക്കാത്ത ഒരു ജനതയാണ് ആ രാജ്യത്ത് ജീവിക്കുന്നത്

single-img
15 February 2020

ലാറ്റിനമേരിക്കയിൽ നിന്നു വരുന്നത് അത്രനല്ല വാർത്തകളല്ല. സാമ്പത്തികമാന്ദ്യം കൊടുമ്പിരികൊണ്ടു നിൽക്കുന്ന ഒരു രാജ്യത്തിൻ്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയുള്ള വാർത്തകളാണ് അതിൽ പ്രധാനം. മൂല്യം നോക്കിയല്ല, തൂക്കം നോക്കി പണത്തിൻ്റെ അളവ് നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയ ഒരു രാജ്യം. അവശ്യ സാധനങ്ങൾ വാങ്ങുവാൻ പണം തൂക്കിനൽകേണ്ട അവസ്ഥ. അരക്കിലോ തക്കാളിക്ക് അഞ്ചുകിലോവരെ നോട്ടുകൾ തൂക്കി നൽകി ജനങ്ങൾ ദിവസങ്ങൾ തള്ളി നീക്കുന്ന ആ രാജ്യത്തിൻ്റെ പേരാണ് വെനസ്വല. അതേ ഒരുകാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന, മഹാനായ സൈമൺ ബൊളിവറുടെയും ഹ്യൂഗോ ഷാവേസിൻ്റെയും നാടായ വെനസ്വേല തന്നെ. 

കുടിവെള്ളത്തിന് തൊണ്ടവരണ്ട് മണിക്കൂറുകൾ ക്യൂ നിൽക്കുന്ന ജനതയെ നമുക്ക് ഇന്നവിടെ കാണാൻ സാധിക്കും. രോഗം വന്നാൽ ആവശ്യത്തിന് മരുന്ന് കിട്ടില്ല. സുലഭമായുള്ളത് പട്ടിണിയും പരിവട്ടവും മാത്രം. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടികളുമായി നാടുവിട്ടവരുടെ കഥകളാണ് ദിനംപ്രതി അവിടെ നിന്നും ഉയരുന്നത്. 

ആ രാജ്യത്തിലെ ദമ്പതിമാർക്ക് സാമ്പത്തിക മാന്ദ്യം കാരണം  ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോലും സാധിക്കുന്നില്ലെന്നുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്. സുരക്ഷിതമായ ലെെംഗിക ബന്ധത്തിനാവശ്യമായ കോണ്ടങ്ങൾക്ക് വൻ തുക ചെലവാക്കേണ്ട അവസ്ഥയാണിപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക്. ഒരു കോണ്ടം പോലും വാങ്ങാൻ ശേഷിയില്ലാത്ത ജനതയാണ് ഇന്ന് വെനസ്വേലയിൽ ജീവിക്കുന്നതെന്നു പറയുമ്പോൾ തമാശയായി തോന്നാം. പക്ഷേ യാഥാർത്ഥ്യമതാണ്. 

എഎഫ് പിയുടെ റിപ്പോർട്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. മൂന്ന് കോണ്ടങ്ങൾ അടങ്ങിയ ഒരു പായ്ക്കറ്റിന് രണ്ട് ഡോളറാണ് ഇവിടെ നൽകേണ്ടത്. അതായത് 142 ഇന്ത്യൻ രൂപ. ഗർഭനിരോധന മരുന്നുകൾക്ക് എട്ട് ഡോളർ നൽകണം. അതായത് 570 രൂപ​. ഇതെല്ലാം ചെറിയ തുകയാണെന്നു തോന്നാമെങ്കിലും ആ രാജ്യത്തെ ജനയുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഭീമമായ തുകയാണ്. ഒരു വെനസ്വേലൻ പൗരൻ്റെ ശരാശരി വരുമാനം ആറ് ഡോളർ മാത്രമാണെന്നുള്ളതാണ് യാഥാർത്ഥ്യം. അതായത് 428 രൂപ. 

രാജ്യത്തിന്റെ സ്വന്തം കറൻസിയായ വെനസ്വേലൻ ബൊളിവറിന് വിലയില്ലാത്തതും കച്ചവടക്കാർ ഡോളർ മാത്രം സ്വീകരിക്കുന്നതും ആ രാജ്യത്തെ ജനതയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സാധാരണക്കാർക്ക് ഡോളർ മാറ്റിവാങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ വികല ഭരണമാണ് രാജ്യം നേരിടുന്ന ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നുള്ളത് മറ്റൊരു കാര്യം.

മഡൂറോയുടെ ഭരണകൂടത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിക്കഴിഞ്ഞു. അടുത്താെരു മുല്ലപ്പൂ വിപ്ലവം വെന്വലയിൽ നടക്കുമെന്നുള്ള കാര്യം ഏതാണ് ഉറപ്പായിക്കഴിഞ്ഞു. മറ്റൊരു പ്രധാന വസ്തുതയെന്തെന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊലീസിലേയും പട്ടാളത്തിലേയും ഒരു വിഭാഗം രംഗത്തെത്തിയെന്നുള്ളതാണ്. 

ഹ്യൂഗോ ഷാവേസിൻ്റെ വിലടവാങ്ങലിനു ശേഷം സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട വെനസ്വലയെ കരകയറ്റാൻ പുതിയ ഭരണാധിപൻ മഡൂറോ ചെയ്ത കാര്യങ്ങളെല്ലാം അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു. വലിയ വിലയാണ് ഈ തീരുമാനങ്ങൾക്ക് രാജ്യം നൽകേണ്ടിവന്നത്. പെട്രോ എന്നപേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനമാണ് അതിലേറ്റവും കൂടുതൽ പാളിപ്പോയ കാര്യം. അമേരിക്കൻ ഉപരോധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ദേശീയ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനമുണ്ടായത്. ഇതിലൂടെ അമേരിക്കൻ ഉപരോധത്തെ മറികടക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ കാര്യങ്ങൾ തിരിച്ചടിക്കുകയായിരുന്നു. 

വമ്പൻ ക്രൂഡോയിൽ ശേഖരമുള്ള രാജ്യമാണ് വെനസ്വല. അതിനെ വേണ്ടവിധത്തിൽ ഉപയോഗിക്കുവാനും ഭരണകൂടത്തിന് കഴിഞ്ഞില്ല. സാമ്പത്തിക പ്രശ്നത്തിൽ എങ്ങനെ ഇടപെടണമെന്നോ എന്തുചെയ്യുമെന്നോ അധികൃതർക്ക് ഒരൂഹവുമില്ലാത്തതും തകർച്ചയുടെ ആക്കം കൂട്ടുകയായിരുന്നു. 

നോട്ട് നിരോധനമെന്ന മണ്ടൻ തീരുമാനം അവിടെയുമുണ്ടായി. കള്ളക്കടത്ത് തടയാനെന്ന പേരിൽ ഒരു സുപ്രഭാതത്തിലാണ് മഡുറോ രാജ്യത്തെ ഉയർന്ന നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത്. മറ്റുകാര്യങ്ങൾ സ്വാഭാവികം. തീരുമാനം അമ്പേ പരാജയമായി. പക്ഷേ വ്യത്യസ്തമായ സംഗതിയെന്തെന്നാൽ നോട്ടു നിരോധിച്ച  തീരുമാനം പരാജയമാണെന്ന് സർക്കാർ തുറന്നുസമ്മതിച്ചു എന്നുള്ളതാണ്. 

ലോകത്ത് നാണ്യപ്പെരുപ്പ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. എന്നാൽ 2015ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് അധികൃതർ പുറത്തുവിടുന്നില്ല എന്നുള്ളതും ദുരുഹമാണ്. അനിവാര്യമയ തകർച്ചയെ സ്വീകരിക്കുവാൻ കാത്തിരിക്കുന്നവരെപ്പോലെ കഴിയുകയാണ് വെനസ്വലയിലെ ജനങ്ങളിപ്പോൾ.