10 രൂപയ്ക്ക് വിഭവസമൃദ്ധമായ താലി മീൽസ്; ഉച്ചഭക്ഷണ പദ്ധതി വൻ വിജയം

single-img
15 February 2020

മുബൈ: 10 രൂപയ്ക്ക് മതിയാവോളം ഭക്ഷണം ലഭിക്കുന്ന മഹാരാഷ്ട്ര സർക്കാരിൻറെ ഉച്ചഭക്ഷണ പദ്ധതി വൻ വിജയം. നിർദ്ധനർക്കും പാവപ്പെട്ടവർക്കുമായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ‘ശിവ്ഭോജൻ’ എന്ന പദ്ധതിയാണ് വൻവിജയം നേടിയത്. 10 രൂപയ്ക്കാണ് ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണം നൽകുന്നത്.

ജനുവരി 26ന് ആരംഭിച്ച പദ്ധതി 17 ദിവസങ്ങൾ പിന്നിടുമ്പോൾ 139 കേന്ദ്രങ്ങളിലായി രണ്ടുലക്ഷത്തിലേറെ ആളുകൾക്ക് ഉച്ചഭക്ഷണം നൽകാനായതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ചോറ്, പരിപ്പുകറി, പച്ചക്കറി വിഭവങ്ങൾ, പായസം എന്നിവ ഉൾപ്പെടുന്നതാണ് താലി. ജില്ലാ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിങ്ങനെ സാധാരണക്കാരായ ആളുകൾ എത്തുന്ന സ്ഥലങ്ങളിലാണ് ശിവ് ഭോജൻ താലി ഭക്ഷണകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ശിവസേന സർക്കാരിൻറെ ജനക്ഷേമ പദ്ധതികളിലൊന്നാണ് ശിവ് ഭോജൻ താലി. ഈ പദ്ധതിയിലൂടെ 2,33,738 ഇതുവരെ ഭക്ഷണം നൽകാനായി. ഏകദേശം 13,750 പേർക്ക് ദിവസേന ഉച്ചഭക്ഷണം നൽകി വരുന്നു. ഭക്ഷണത്തിൻറെ ഗുണനിലവാരവും ഭക്ഷണവിതരണ കേന്ദ്രത്തിലെ ശുചിത്വവും ഉറപ്പാക്കാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പദ്ധതിയുടെ ആദ്യ ദിവസങ്ങളിൽ ഉദ്ധവ് താക്കറെ ഉപഭോക്താക്കളുമായി വീഡിയോ കോൺഫറൻസിങ് വഴി സംവദിച്ചിരുന്നു.