ജോളിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് സയനെെഡ് അല്ല: കോടതിയിൽ ആളൂരിൻ്റെ നിർണ്ണായക വാദം

single-img
15 February 2020

കൂടത്തായി  കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. മുഖ്യപ്രതി ജോളി ജോസഫ്, കൂട്ടുപ്രതി എം എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. അഡ്വ ബി എ ആളൂരാണ് ജോളിക്കു വേണ്ടി ഹാജരായത്. 

 കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. എന്നാല്‍ റോയ് തോമസ് കൊലപാതകക്കേസിലെ എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് ബി എ ആളൂര്‍ വാദിച്ചു. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് കേസില്‍ സാക്ഷിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ജോളി താമസിച്ച പൊന്നാമറ്റം വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.കേസില്‍ പ്രധാന സാക്ഷികളായ റോയ് തോമസിന്റെ മക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. 

17 വര്‍ഷങ്ങള്‍ക്കിടെയാണ് ആറ് കൊലപാതകങ്ങള്‍ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. ഈ കൊലപാതക പരമ്പരയില്‍ ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭര്‍തൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.