മതിലുയർത്തി രാജ്യത്തിന്റെ മു​ഖം രക്ഷിക്കുന്ന ഭരണനേതാവിനെ ലോകം കാണുമ്പോൾ‌

single-img
15 February 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഏറ്റവും വലിയ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതികളിലൊന്ന് നടപ്പാക്കപ്പെടുകയാണ്. അതും മോദിയുടെ സ്വന്തം ഗുജറാത്തിൽ. തന്‍റെ ഏറ്റവുമടുത്ത രാജ്യാന്തരസുഹൃത്തിനെ സ്വന്തം നാട്ടിലേക്ക് അതിഥിയായി ക്ഷണിച്ചാനയിക്കുമ്പോള്‍ തന്റെ ഭരണ മികവിനെ മതിലു കെട്ടിയുയർത്തി രാജ്യത്തിന്റെ മു​ഖം രക്ഷിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണകർത്താവ്. അതെ, സ്വന്തം പ്രജകളെയും ഭരണ പരാജയങ്ങളെയും ലോകത്തിനു മുന്നിൽ കാട്ടാതെ മതിലു കെട്ടിയുയർത്തി സംരക്ഷിക്കേണ്ട ഗതികേടിലാണേ് മോദി ഇപ്പോൾ.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24ന് ഇന്ത്യയിലെത്തുമ്പോഴാണ് എല്ലാ കണ്ണുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലേക്ക് നീങ്ങുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിലും മോദിയും ട്രംപും പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈ പരിപാടികളിൽ ഇന്ത്യയുടെ നിലവിലെ അവസ്ഥ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ വെളിപ്പെടാതിരിക്കാൻ മതിൽ കെട്ടി സൂക്ഷിക്കാനൊരുങ്ങുകയാണ് മോദി. ഒരു ചുറ്റുമതിൽ. നിലവിലെ ഇന്ത്യയെ ആ ചുറ്റുമതിലിനുള്ളിലാക്കും. പ്രമുഖ അഥിതി വിരുന്നെത്തി തിരികെ പോകുന്നത് വരെ അവിടുത്തെ അന്തേവാസികൾ പുറം ലോകമറിയാതെ ആ മതിലിനുള്ളിൽ കഴിയട്ടെയെന്ന് നമ്മുടെ ഭരണാധികാരി തീരുമാനിച്ചു കഴിഞ്ഞു.

അഹമ്മദാബാദ് സിറ്റി എയർപോർട്ടിൽ നിന്ന് സബർമതി ആശ്രമത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇന്ദിരാ ബ്രിഡ്ജ്. ഇതിനടുത്താണ് സരാനിയ വാസ് എന്ന ചേരിപ്രദേശം. ഇവിടെയാണ് ‘L’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ ആകൃതിയിൽ ഒരാൾപ്പൊക്കത്തിലുള്ള മതിലുയരുന്നത്.
ഈ വഴിയിൽ അഞ്ഞൂറോളം കുടിലുകളിലായി 2500 പേർ താമസിക്കുന്നതായിട്ടാണ് കണക്കുകൾ. ഈ കാഴ്ച മറയ്ക്കാനാണ് അരകിലോമീറ്ററോളം ദൂരത്തിൽ ഉയരത്തിൽ മതിൽക്കെട്ടി ഉയർത്തുന്നത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് കടന്നുപോകുന്നത് ഇതിന് സമീപത്തുകൂടിയാണ്. റോഡ് ടാറിട്ട് മെച്ചപ്പെടുത്തുന്നതടക്കം കോടികൾ ചെലവഴിച്ച് വൻഒരുക്കങ്ങളാണ് അതിവേഗം നടക്കുന്നത്.

‘ഹൗഡി മോഡി’ അല്ലെങ്കിൽ എന്തുണ്ട് മോദി? എന്ന ചോദ്യത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ ഗംഭീര സ്വീകരണത്തിന് പകരമായി ‘കെംഛോ ട്രംപ്’ അഥവാ എന്തുണ്ട് ട്രംപ്? എന്ന് മോദി തിരികെ ചോദിക്കുകയാണ്, ആഢംബര സ്വീകരണ പരിപാടിയിലൂടെ സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ”എന്തിനാണ് ഈ മതിൽ കെട്ടുന്നത്? ഞങ്ങളെന്താ പുഴുക്കളാണോ? ഒളിച്ച് വയ്ക്കേണ്ടവരാണോ? ഞങ്ങളെ ഇങ്ങനെ ഒളിപ്പിച്ച് വച്ചാൽ രാജ്യത്തിന്‍റെ പേരുയരുമോ?”’ഞങ്ങൾക്കൊരു വീട് കെട്ടിത്തരാൻ ഉണ്ടായില്ലല്ലോ ഈ ഉത്സാഹം? എന്നിങ്ങനെയുള്ള ചേരി നിവാസികളുടെ ചോദ്യങ്ങളാണ് പകരമുയരുന്നതെന്ന് മാത്രം.

ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ മോദിയുടെ ഈ കാഴ്ച്ചപ്പാടിനെ തുറന്നുകാട്ടി റിപ്പോർട്ടുകൾ പുറത്തു വിടുന്നുണ്ട്. ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയെ നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കുന്ന മോ​ദിയുടെ നിലപാടിനെതിരെ സമൂഹമാധ്യണങഅങ്ങളിലും പ്രതിഷേധം ശക്തമാണ്. ആ മതിലുകൾക്കപ്പുറം മോദി കണ്ട സ്വപ്നരാജ്യം’ എന്ന രീതിയിൽ മോദിയെ ട്രോളന്മാരും കടന്നാക്രമിക്കുന്നുണ്ട്.‘മെയ്ക് ഇൻ ഇന്ത്യ’യിലെ പദ്ധതിയായി മതിൽ പണിയെ ഇതിനോടകം ട്രോളന്മാർ മാറ്റി കഴിഞ്ഞു.

എന്തായാലും മെക്സിക്കൻ അഭയാർത്ഥികൾക്കെതിരായി മതിൽ കെട്ടിപ്പൊക്കുന്ന ട്രമ്പിന് പറ്റിയ കൂട്ടാളി തന്നെയാണ് മോദി. രണ്ടുപേരും മതിലുകൾകെട്ടി പൊക്കി തങ്ങളു‍ടെ ഭരണം അഘോഷിക്കട്ടെ.