ഗാർഗി കോളജിലെ ലൈംഗികാതിക്രമത്തിന് തെളിവില്ലെന്ന് പോലീസ്; അറസ്റ്റിലായ 10 പേർക്കും ഒരു ദിവസത്തിനകം ജാമ്യം

single-img
15 February 2020

ഡൽഹി: ഡൽഹി ഗാർഗി കോളേജിൽ പെൺകുട്ടികൾ നേരെ ലൈംഗിക അതിക്രമത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ 10 പേർക്കും ജാമ്യം. അതിക്രമിച്ചു കയറിയതിനു മാത്രമാണു തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നുംപോലീസ് അറിയിച്ചതിനു പിന്നാലെയാണു പ്രതികൾക്കു സാകേത് കോടതി ജാമ്യം നൽകിയത്. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേന്നത്. ഐപിസി 452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നത് ഞെട്ടിക്കുന്നതാണ്.

ഗാർഗി വനിതാ കോളജിൽ ആറിനു നടന്ന വാർഷിക ആഘോഷങ്ങൾക്കിടെയാണ് ഒരുസംഘമാളുകൾ അതിക്രമിച്ചു കടന്നു വിദ്യാർഥികളെ ആക്രമിച്ചത്. തൊട്ടടുത്ത ദിവസം പരാതിയുമായി കോളജ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ചിലർ സമൂഹമാധ്യമങ്ങളിൽ ദുരനുഭവം പങ്കുവച്ചതോടെയാണു വിഷയം വിവാദമായത്.പാർലമെന്റി്ലെ ഇരുസഭകളിലും സംഭവം ചർച്ചയായതോടെ കേന്ദ്രസർക്കാർ ഇടപെ‍ട്ടതിന് പിന്നാലെയാണ് ഡൽഹി പോലീസ് കേസെടുത്തത്.