ബെംഗളൂരുവിൽ 70കാരനെ അജ്ഞാതർ കുത്തികൊലപ്പെടുത്തി

single-img
15 February 2020

ബെംഗളൂരു സൗത്തിലുള്ള തലഗട്ടപുരയിൽ 70വയസുള്ള മാധവ് എന്ന വ്യക്തിയെ അജ്ഞാതർ കുത്തികൊലപ്പെടുത്തി. കൊലപാതകത്തിന്റെ പിന്നിൽ സാമ്പത്തിക തർക്കമാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെ വീടിനുപുറത്തിറങ്ങിയ മാധവിനെ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു.

ശരീരമാകെ രക്തത്തിൽ കുളിച്ചുകിടന്ന മാധവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. ബെല്ലാരി ജില്ലയിൽ ഇരുമ്പയിര്, സ്റ്റീൽ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ നിർമ്മിക്കുന്ന ചെറിയ കമ്പനി നടത്തിയിരുന്ന മാധവ് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ബാങ്ക് ചെക്ക് മടങ്ങിയ കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്.

അതേപോലെ തന്നെ മാധവും കുടുംബാംഗങ്ങളുമായി ചില സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് മാധവിന്റെ ഭാര്യ പോലീസിനോടു പറഞ്ഞു. കൊലപാതകം ചെയ്തവർ മാധവുമായി ഏററവും അടുത്ത ചിലരുമായി ബന്ധപ്പെട്ടിരിക്കാമെന്നും അന്വേഷണത്തിന്റെ ഭാഗമായി മാധവിന്റെ മകനുൾപ്പെടെയുളളവരെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.