വ്യവസായ വകുപ്പ് ഡയറക്ടർ നൂറ് മരം നട്ടുപിടിപ്പിക്കണം; വേറിട്ട ശിക്ഷയുമായി കേരളാ ഹൈക്കോടതി

single-img
14 February 2020

കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തിയ സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജു നൂറ് മരം നട്ടുപിടിപ്പിക്കണമെന്ന് ഹൈക്കോടതി. വിൽപ്പന നികുതി ഇളവിൽ എസ് എസ് കെമിക്കൽ എന്ന സ്ഥാപനം നൽകിയ അപേക്ഷയിൽ വ്യവസായ വകുപ്പ് ഡയറക്ടർ കൺവീനറായ സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ തീരുമാനം വൈകിയതാണ് കോടതിയിൽ ജസ്റ്റിസ് അമിത് റാവല്‍ വേറിട്ട ശിക്ഷ വിധിക്കാൻ കാരണമായത്.

2001ലായിരുന്നു വിൽപ്പന നികുതി ഇളവിനായി കമ്പനി സർക്കാരിനെ സമീപിച്ചത്. പക്ഷെ അപേക്ഷ പരിഗണിച്ച വ്യവസായ വകുപ്പിന്‍റെ ജില്ലാ സമിതിയും സ്റ്റേറ്റ് ലെവൽ കമ്മിറ്റിയും അപേക്ഷ തള്ളി. തുടർന്ന് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും കമ്പനിയുടെ അപേക്ഷയിൽ വാദം കേൾക്കാനും തീ‍ർപ്പുണ്ടാക്കാനും കോടതി നിർദ്ദേശിക്കുകയും ചെയ്തു.

ഇതിലേക്കായി പുതിയ അപേക്ഷ സമർപ്പിക്കാനും അഞ്ച് ലക്ഷം രൂപ സർക്കാരിൽ കെട്ടിവെക്കാനും കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. പിന്നീട് 2003 മുതൽ 2016 വരെ എട്ട് തവണ സ്റ്റേറ്റ് ലെവൽ കമ്മിറ്റി പ്രശ്ന പരിഹാരത്തിന് സിറ്റിംഗ് നടത്തിയിട്ടും കമ്മിറ്റി ഉത്തരവുകൾ പാസാക്കിയില്ല. സർക്കാരിന്റെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെട്ട കെമിക്കലിന് നികുതി ഇളവ് നൽകുന്നതിലെ ആശയക്കുഴപ്പമായിരുന്നു കാരണം.

ഇതിനെ തുടർന്ന് ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയും ഹർജിയിൽ കോടതി വ്യവസായ വകുപ്പ് ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു.കഴിഞ്ഞ 19 വ‍ര്‍ഷമായിട്ടും ഒരു അപേക്ഷയിൽ തീർപ്പുണ്ടാക്കാനാകാത്തത് വ്യവസായ വകുപ്പിന്‍റെ വീഴ്ചയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പാക്കാൻ കാലതാമസമുണ്ടാക്കിയതിനുള്ള ശിക്ഷയായി വ്യവസായ വകുപ്പ് ഡയറക്ടർ കുഷ്ഠരോഗാശുപത്രിയ്ക്ക് ഫൈൻ അടക്കണമെന്ന് നിര്‍ദ്ദേശിച്ചു. പക്ഷെ കേരളം കുഷ്ഠരോഗ മുക്ത സംസ്ഥാനമാണെന്ന് സർക്കാർ അറിയിച്ചതോടെ പ്രകൃതിക്കായി എന്തെങ്കിലും ചെയ്യട്ടെ എന്ന് ചൂണ്ടിക്കാട്ടി നൂറ് മരം വച്ച് പിടിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.