അസമിലെ തടങ്കല്‍പാളയങ്ങളില്‍ മൂന്ന് വര്‍ഷം മുമ്പ് തടവിലാക്കിയത് 300 പൗരന്മാരെ; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി

single-img
14 February 2020

ദില്ലി: അസമില്‍ പൗരത്വപട്ടികയ്ക്ക് പുറത്തായി വിദേശികളെന്ന് പ്രഖ്യാപിച്ച് ആറ് തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. അമികസ് ക്യൂറി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. മൂന്ന് വര്‍ഷമായി തടങ്കലില്‍ കഴിയുന്ന വിദേശികളെ വിട്ടയക്കാന്‍ കഴിഞ്ഞ മെയ് മാസം കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

അസമിലെ തടങ്കല്‍പാളയങ്ങളിലുള്ളവരുടെ സ്ഥിതിഗതികള്‍ അറിയിക്കാനായി കോടതി തന്നെയാണ് പ്രശാന്ത് ഭൂഷണെ അമികസ് ക്യൂറിയായി നിയമിച്ചത്. 300 പേര്‍ മൂന്ന് വര്‍ഷത്തിലധികമായി തടങ്കല്‍പാളയങ്ങളില്‍ കഴിയുന്നു. ഒരു വര്‍ഷത്തിലധികം കാലമായി 700 പേരും ഈ ജയിലറകളിലുണ്ടെന്ന് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. 1985 മുതല്‍ 2019വരെ അസമില്‍ 63959 പേരെയാണ് വിദേശികളെന്ന് മുദ്രകുത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഈ പൗരന്മാരുടെ തടങ്കല്‍പാളയങ്ങളിലെ ജീവിതം വളരെ ദുരിതം നിറഞ്ഞതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.