നമ്മുടെ നികുതിപ്പണം കൊണ്ടുവാങ്ങിയ ആയുധങ്ങള്‍ എത്തിയത് ആരുടെ കൈകളില്‍?

single-img
14 February 2020

കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് കേരളത്തെ പിടിച്ചുകുലുക്കുകയാണ്. സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിയുണ്ടകളും റൈഫിളുകളും വലിയ തോതില്‍ കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് സംവിധാനത്തിനെതിരെ പ്രതിപക്ഷകക്ഷികളും, രംഗത്തെത്തിക്കഴിഞ്ഞു. ഓഡിറ്റിങില്‍ ഏകദേശം 12000ത്തോളം വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെക്കുകയും രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും സിഎജി കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. 2013 മുതല്‍ 2018വരെയുള്ള കണക്കുകളുടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരില്‍ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പില്‍ സംബന്ധിച്ച് അതിഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

25 5.56 എംഎം ഇന്‍സാസ്് റൈഫിളുകള്‍, ഈ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 1835 5.56 എംഎം ഇന്‍സാസ്് കാട്രിഡ്ജ്, എകെ47 തോക്കില്‍ ഉപയോഗിക്കുന്ന 1578 7.62 എംഎം എ47 കാട്രിഡ്ജ്, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 8398 7.62 എംഎം എം80കാട്രിഡ്ജുകള്‍, 250 9 എംഎം ഡ്രില്‍ കാട്രിഡ്ജ് എന്നിവയാണ് കാണാതായിരിക്കുന്നത്. 2013 മുതല്‍ 2018 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെങ്കിലും വെടിക്കോപ്പുകള്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ എത്രയെണ്ണം കാണാതായതെന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന കാലയളവായ 2013- 2018ല്‍ സംസ്ഥാന ഭരണം കൈയാളിയിരുന്നത് രണ്ടു രാഷ്ട്രീയ മുന്നണികളായിരുന്നുവെന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. മുഖ്യമന്ത്രിമാരായി ഈ കാലയളവില്‍ ഭരണം നടത്തിയിരുന്നത് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനുമായിരുന്നു. ആഭ്യന്തരമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയും പിണറായി സര്‍ക്കാരിന്റ കാലത്ത് മുഖ്യമന്ത്രി നേരിട്ടുമായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാറും ലോക്‌നാഥ് ബഹ്‌റയും ഇക്കാലയളവില്‍ മാറിമാറിവന്നു. അതുകൊണ്ടുതന്നെ നിലവില്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയനേയും പൊലീസ് മേധാവിയായിരിക്കുന്ന ലോക്‌നാഥ് ബഹ്‌റയേയും യഥാര്‍ത്ഥ വസ്തുത പുറത്തു വരുന്നതുവരെ കുറ്റകാരായി ചിത്രീകരിക്കുവാന്‍ സാധിക്കില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

പൊലീസ് വകുപ്പില്‍ നിന്നും വെടിക്കോപ്പുകള്‍ കാണാതായത് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കിടയിലും ഈ വസ്തുക്കള്‍ എവിടേക്കാണ് പോയതെന്ന പ്രധാന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. ഈ ചോദ്യത്തിനു മുന്നേ മറ്റൊരു പ്രധാന വസ്തുതയും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. സൈന്യമോ അര്‍ധസൈനിക വിഭാഗങ്ങളോ പൊലീസ് സേനയോ മാത്രം ഉപയോഗിക്കുന്ന തരം തോക്കുകള്‍ ആണ് എകെ 47 ഇന്‍സാസ് എസ്എല്‍ ആര്‍ എന്നിവ. ഇത്രയധികം വെടിയുണ്ടകളും റൈഫിളുകളും കാണാതായി എന്നു പറയുമ്പോള്‍ത്തന്നെയുണ്ടാകുന്ന ദുരൂഹതകള്‍ക്കും മുകളിലാണ് ഇത്തരം തോക്കുകളില്‍ മാത്രം ഉപയോഗിക്കുന്ന പതിനായിരത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്ന വസ്തുത ഉയര്‍ത്തുന്നത്. എകെ 47 അടക്കമുള്ള ഇത്തരം തോക്കുകള്‍ വ്യക്തികള്‍ അനധികൃമായി ഉപയോഗിക്കുന്ന സാഹചര്യം വിരളമാണ്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇത്തരം തോക്കുകള്‍ അനധികൃതമായി ഉപയോഗിക്കാറുണ്ട്.

സംസ്ഥാന പൊലീസ് എകെ47 തോക്കുകള്‍ പരിശീലന കാലയളവിലല്ലാതെ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ സൈനിക തലങ്ങളിലുള്ളവര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രയോഗിക്കുന്ന ഇത്തരം തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ഈ കൊച്ചു സംസ്ഥാനത്ത് എങ്ങനെ അപ്രത്യക്ഷമായെന്ന ചോദ്യമാണ് ഈ സാഹചര്യത്തില്‍ ഏറ്റവും ഗുരുതരമായതും.

മാവോയിസ്റ്റ് ഭീകരവാദികള്‍ ഇത്തരം തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത സമയത്ത് അട്ടപ്പാടയിലുണ്ടായ ഏറ്റുമുട്ടലാണ് കേരളത്തെ സംബന്ധിച്ച് എടുത്തു പറയേണ്ട മാവോയിസ്റ്റ് ആക്രമണം. അന്ന് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വധിച്ച ശേഷം തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും ഒരു എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മാവോയലിസ്റ്റുകളെ വ്യാജഏറ്റുമുട്ടലില്‍ വധിച്ചതാണെന്നും ഏകെ47 തോക്ക് പൊലീസിന്റെ തന്നെയാണെന്ന ആരോപണങ്ങളും അന്നുയര്‍ന്നിരുന്നു. ഏകെ 47 തോക്കിനെപ്പറ്റി വളരെക്കാലത്തിനു ശേഷം കേരളീയര്‍ കേട്ട സമയം അതായിരുന്നു. എന്നാല്‍ പൊലീസ് ആയുധങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തതല്ലാതെ ഇക്കാലയളവില്‍ മാവോയിസ്റ്റുകള്‍ പൊലീസുകാരില്‍ നിന്നും ഏകെ47 തോക്കോ വെടിയുണ്ടയോ എടുത്തുകൊണ്ടുപോയെന്ന വാര്‍ത്ത ഉയര്‍ന്നുവന്നിട്ടുണ്ടായിരുന്നില്ല. പൊലീസ് സ്വമനസ്സാലെ അവര്‍ക്കു കൊടുത്തതാകാനും സാധ്യതയൊന്നും കാണുന്നില്ല.

അടുത്തതായി ഉയര്‍ന്നുവരുന്ന പേരുകള്‍ ഇസ്ലാം തീവ്രവാദികളുടേതാണ്. കശ്മീരടക്കമുള്ള സ്ഥലങ്ങളില്‍ അത്യാധുമിക ആയുധങ്ങള്‍ ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ നടത്തിയ ചരിത്രം ഇവര്‍ക്കുണ്ട്. എന്നാല്‍ ഒരു തോക്ക് പോലുള്ള ആയുധങ്ങളുപയോഗിച്ച് സായുധ സമരം നടത്തുവാനുള്ള പാകം ഈ കേരളത്തില്‍ അവര്‍ക്കായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. നാഗര്‍കോവില്‍ സംഭവം ഇതിനൊരപവാദമാണെങ്കിലും അവിടെ പൊലീസുകാരനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഈ ഗണത്തിലൊന്നും വരുന്നതല്ലെന്നുള്ളതാണ് വാസ്തവം.

ബാക്കി നില്‍ക്കുന്നത് സംഘപരിവാര്‍ ഭീകരസംഘടനകളാണ്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും നടത്തുന്നതു പോലെതന്നെംയുള്ള ബോംബു സ്‌ഫോടനങ്ങള്‍ അടക്കമുള്ള തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് നടത്തിയ ചരിത്രം ഇവര്‍ക്കുമുണ്ട്. മലേഗാവ് സ്‌ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയ്ക്ക് സഹായങ്ങള്‍ നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായത് കേണല്‍ പുരോഹിത് എന്ന സൈനിക ഓഫീസറായിരുന്നു.ഇയാള്‍ അനധികൃതമായി സൈന്യത്തിന്റെ ആയുധങ്ങള്‍ ആയുധ വ്യാപാരികള്‍ക്കും തീവ്രവാദികള്‍ക്കും എത്തിച്ചു കൊടുത്തതിന്റെ പേരില്‍ അന്വേഷണം നേരിടുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പറഞ്ഞുവന്നത് സൈന്യത്തിന്റെ ആയുധങ്ങള്‍ അനധികൃതമായി തീവ്രവാദ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന്റെ ചരിത്രം സംഘപരിവാര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഉണ്ട് എന്നു തന്നെയാണ്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കപ്പുറത്തേക്ക് സംഘപരിവാര്‍ അക്രമങ്ങള്‍ വളരാതിരുന്ന കാലം മാറിയെന്നു തന്നെ പറയാം. പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ കഴുത്തറുത്ത് കൊല്ലുന്നതിലേക്കും ശബരിമല അടക്കമുള്ള സ്ഥലങ്ങളില്‍ അക്രമം അഴിച്ചു വിടുന്നതിലേക്കും അവര്‍ വളര്‍ന്നിട്ടുണ്ട്.മാത്രമല്ല ഈ വെടിയുണ്ടകള്‍ കാണാതായെന്ന് കരുതപ്പെടുന്ന കാലയളവില്‍ സംസ്ഥാന പൊലീസ് മേധാവിയായിരുന്നയാള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ഹിന്ദുത്വവര്‍ഗീയവാദികളുടെ സോഷ്യല്‍ മീഡിയ മേധാവി എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുമുണ്ട്.ഇദ്ദേഹത്തിന്‍രെ കാലയളവിലാണ് ഈ വെടിയുണ്ടകള്‍ ആരെങ്കിലും കടത്തിയിട്ടുള്ളതെങ്കില്‍ അതാര്‍ക്കാകും കിട്ടിയിട്ടുണ്ടാകുക എന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഏതു മുന്നണിയുടെ കാലത്താണ് വെടിയുണ്ടകള്‍ നഷ്ടമായതെന്നല്ല, ജനങ്ങളെ ഭിന്നിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഏതു തീവ്രവാദി സംഘത്തിന്‍രെ കൈകളിലാണ് നമ്മുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ആയുധങ്ങള്‍ എത്തിച്ചേര്‍ന്നത് എന്നതാണ് പ്രസക്തമായ ചോദ്യംSeen 16:57Chat conversation endType a message…