പൗരത്വ നിയമ ഭേദഗതി: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ രാജിവെച്ചു

single-img
13 February 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ ബിജെപിയുടെ 22 നേതാക്കള്‍ പ്രതിപക്ഷമായ നാഗ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ദിമാപൂരിൽ നടന്ന ചടങ്ങിൽ നാഗ പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്സു ബിജെപിയിൽ നിന്നും വന്ന നേതാക്കളെ സ്വാഗതം ചെയ്തു.

Support Evartha to Save Independent journalism

ഇനിയുള്ള ദിവസങ്ങളിലും ബിജെപിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തുവെന്നും തന്റെ പാർട്ടി നാഗാ ജനതയുടെ തനതായ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ലിസിയറ്റ്സു പറഞ്ഞു. ബിജെപിയുടെ സംസ്ഥാന നിയമകാര്യ കൺവീനർ തോഷി ലോങ്‌കുമർ, ന്യൂനപക്ഷ സെല്ലിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് മുകിബുർ റഹ്മാൻ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുമെന്ന് റഹ്മാൻ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാൻ നാഗ പീപ്പിൾസ് ഫ്രണ്ട് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.