ഡൽഹി ഫലം വന്നു; പാചകവാതക വില ഒറ്റയടിക്ക് 146 രൂപ വർദ്ധിപ്പിച്ചു

single-img
12 February 2020

ഡൽഹി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പാചകവാതകത്തിന് വന്‍ വില വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിനാണ് വില കൂട്ടിയത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 

ഇതോടെ ഒരു സിലിണ്ടറിൻ്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള വിലവർദ്ധന വൻ ജനരോഷമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വരെ ഗാർഹികാവശത്തിനുള്ള സിലിണ്ടറിൻ്റെ വില 704 രൂപ 50 പൈസയായിരുന്നു. ഇതാണ് ഒറ്റയടിക്ക് 850 രൂപയിലേറെയായത്.  കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വിലയായി 851 രൂപയാണ് നൽകേണ്ടത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്.