ജോളിയുടെ പരമ്പര കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് ആ ഒരു കള്ളം

single-img
11 February 2020

കൂടത്തായി പരമ്പര കൊലക്കേസ് പ്രതിയായ ജോളിയെ കുറ്റകൃത്യത്തിലേക്ക് തള്ളിവിട്ടത് ഒരു കള്ളം മറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ബികോം ബിരുദധാരിയാണെന്ന് പൊന്നാമറ്റം വീട്ടില്‍ അന്നമ്മ തോമസിനോട് കള്ളം പറഞ്ഞതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫും സമ്മതിക്കുന്നു. അന്ന് ആ നുണ പറഞ്ഞില്ലായിരുന്നെങ്കില്‍ സംസ്ഥാനത്തെ നടുക്കിയ കൊലപാതക പരമ്പര തന്നെ നടക്കില്ലായിരുന്നുവെന്ന് ജോളി പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവയ്ക്കുകയാണ്. 

ബിരുദധാരിയാണെന്ന കള്ളം മറച്ചുവയ്ക്കാന്‍ അന്നമ്മയെ കൊല്ലേണ്ടി വന്നതാണ് ഈ കൊലപാതക പരമ്പരകളുടെ തുടക്കമെന്നും ജോളി പറയുന്നു. ബിരുദധാരിയായ മരുമകള്‍ വെറുതെ വീട്ടിലിരിക്കേണ്ടന്ന അന്നമ്മ തോമസിൻ്റെ നിര്‍ദ്ദേശം ജോളിയുടെ പദ്ധതികള്‍ ആകെ തകിടം മറിച്ചു. ജോലിക്കായുള്ള അന്നമ്മയുടെ നിര്‍ബന്ധം കൂടി വന്നതോടെ എംകോം പഠനത്തിന് എന്ന പേരില്‍ പാലായിലേക്ക് പോരുകയായിരുന്നു. എന്നാല്‍ പഠനത്തിന് പകരം ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലായിരുന്നു ജോളി അന്ന് ശ്രദ്ധിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അന്നമ്മ കൊലക്കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. 

നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോകണമെന്ന നിര്‍ബന്ധം അന്നമ്മ തുടര്‍ന്നു. ഇതോടെ ഭര്‍തൃപിതാവ് ടോം തോമസ് നടത്തിയിരുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിച്ച് തിരുത്തി സ്വന്തം പേരിലാക്കി. ഇത് പിടിക്കപ്പെടാതായതോടെ ജോളിക്ക് ധെെര്യം കൂടി. നെറ്റ് സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി സൃഷ്ടിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 

ജോലിക്ക് പോകാനുള്ള സമ്മര്‍ദ്ദം ശക്തമായതോടെ ജോളി അന്നമ്മയെ കൊല്ലുകയായിരുന്നു. പട്ടിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമാണ് അന്നമ്മയില്‍ പരീക്ഷിച്ചത്. ഇത് വിജയകരമാകുമെന്ന് കണ്ടതോടെ ഒരു വര്‍ഷം കാത്തിരുന്നത് കൂടിയ അളവില്‍ വിഷം നല്‍കുകയായിരുന്നു. ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പിലാണ് ജോളി വിഷം നല്‍കിയത്.