തടസമില്ലാതെ ബ്രോഡ്ബാന്റ്, പരിശുദ്ധമായ വായു; വാഗ്ദാനങ്ങള്‍ നല്‍കി സംരംഭകര്‍ക്കായി വാതില്‍തുറന്നിട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍

single-img
10 February 2020

ലഡാക്ക്: ജമ്മുകശ്മീരിലേക്ക് സംരംഭകരെ ആകര്‍ഷിക്കാന്‍ ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോളിസി. ഏറ്റവും ഗുണനിലവാരമുള്ള വായുവും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണ് പുതുതായി രൂപീകരിച്ച കേന്ദ്ര അധികാര പ്രദേശത്തിന്റെ പ്രത്യേകതയെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. ജമ്മുകശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോളിസി 2020 അനുസരിച്ച് മൂന്ന് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാനും ഗതാഗതവും സുരക്ഷയും നല്‍കിയാല്‍ സ്ത്രീകള്‍ക്ക് രാത്രി ജോലി അനുവദിക്കാമെന്നും ഐടി കമ്പനികളോട് സര്‍ക്കാര്‍ പറയുന്നു.

നിയുക്ത ഐടി പാര്‍ക്കുകളിലെ ‘പ്ലഗ് ആന്റ് പ്ലേ’ വിഭാഗത്തിന്റെ 15% വനിതാ സംരംഭകര്‍ക്കായി മാറ്റിവെക്കുമെന്നും സര്‍ക്കാരിന്റെ പുതിയ ഐടി പോളിസി വ്യക്തമാക്കുന്നു. ജമ്മുവിലും ശ്രീനഗറിലുമായി അഞ്ച് ലക്ഷം സ്വകയര്‍ ഫീറ്റിലുള്ള രണ്ട് ഐടി പാര്‍ക്കുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.ഇവിടെ ബ്രോഡ് ബാന്റ് കണക്ടിവിറ്റിയും വൈഫൈ സൗകര്യവും ഒരിക്കലും തടസപ്പെടില്ലെന്നും പോളിസിയിലൂടെ വ്യക്തമാക്കുന്നു.