പ്രണയ ദിനത്തില്‍ പ്രണയ ലേഖന മത്സരം; വിഷയം ‘പൗരത്വ ഭേദഗതി നിയമം’ ; സംഘടിപ്പിക്കുന്നത് ഡിവൈഎഫ്ഐ

single-img
10 February 2020

ഈ വരുന്ന ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ എവിടെയും ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ചുകൊണ്ട് പ്രണയദിനാഘോഷങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ. തലശ്ശേരി പാനൂരില്‍ നടത്തുന്ന പ്രണയലേഖന മത്സരം തന്നെ വിത്യസ്തമാണ് .

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഇവിടെ പ്രണയ ലേഖന മത്സരത്തിന്‍റെ വിഷയം ‘സിഎഎ’ (പൗരത്വ ഭേദഗതി നിയമം) ആണ്. ഡിവൈഎഫ്ഐയുടെ കരിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. ഭിന്നിപ്പിക്കുന്നവര്‍ ഭരിക്കുന്ന കാലത്തെ ചേര്‍ത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേതഗതി നിയമത്തിനെതിരെയും പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നുവര്‍ക്കുമുള്ള സര്‍ഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റി സെക്രട്ടറി പറഞ്ഞു. ഈ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് റിജു പറഞ്ഞു.

മത്സരത്തിലേക്ക് പ്രണയ ലേഖനങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്‍-673316 ഇ-മെയില്‍: [email protected]