രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍; ലയനത്തിന് തയ്യാറെടുത്ത് വിവിധ പാര്‍ട്ടികള്‍

single-img
9 February 2020

ചെന്നൈ: നടന്‍ രജനീകാന്ത് ഏപ്രിലില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ താരത്തിന്റെ പാര്‍ട്ടിയിലേക്ക് കൂടുമാറിയെത്തുമെന്നാണ് കരുതുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് താരം നീങ്ങുന്നത്. അണ്ണാഡിഎംകെയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ തന്നെയാണ് കൂടുമാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം. രജനിയുടെ പ്രമുഖ രാഷ്ട്രീയ ഉപദേശകനായ തമിഴരു മണിയനാണ് ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവെച്ചിരിക്കുന്നത്. അണ്ണാഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനികാന്തിനൊപ്പം എത്തുമെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഓഗസ്റ്റ് മാസത്തിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കുക. സെപ്തംബറില്‍ താരത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ റാലി നടത്തും. വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ നീക്കങ്ങള്‍. തമ്‌ഴനാട്ടിലെ ജാതികേന്ദ്രീകൃത പാര്‍ട്ടി പട്ടാളി മക്കള്‍കക്ഷി രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലെത്തും. താരം പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിയില്‍ ലയിക്കുമെന്നാണ് നീതി പാര്‍ട്ടി നേതാവ് എസി ഷണ്‍മുഖം പ്രഖ്യാപിച്ചത്.