പരിഷ്കാര വഴിയേ കേരളാ പോലീസ്; പ്രതികരണമറിയാന്‍ മുതിർന്ന ഉദ്യോഗസ്ഥർ പരാതിക്കാരെ നേരിട്ട് വിളിക്കും

single-img
9 February 2020

കേരളാ പോലീസിനെതിരെ സമൂഹത്തിൽ നിന്നും തുടർച്ചയായി ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ മുഖം മാറ്റാനൊരുങ്ങുകയാണ് പോലീസ്. സംസ്ഥാനത്തെ ഏത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായാലും ഇനിമുതൽ പരാതിക്കാരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ പരാതിക്കാരെ നേരിട്ട് വിളിക്കും.

പരാതി നൽകാൻ എത്തിയ വ്യക്തിക്ക് പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്റ്റേഷൻ പോലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനുള്ള അവസരമാണിത്. ഓരോ ജില്ലകളിലെയും പോലീസ് മേധാവിമാരാണ് പരാതിക്കാരെ വിളിക്കുക.

തന്റെ അധികാര പരിധിയിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് ജില്ലാ പോലീസ് മേധാവി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും. അതേപോലെ റേഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും സംസ്ഥാന പോലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും. ഇതിനായി പരാതിക്കാർ ചെയ്യേണ്ടത് പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും.

പരാതിക്കാരിൽ നിന്നുള്ള പ്രതികരണം വിലയിരുത്തി പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.