ക്ഷേത്രങ്ങളില്‍ പോകുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ ആര്‍ക്കും ആരുടെയും അനുവാദം ആവശ്യമില്ല: ശരദ് പവാര്‍

single-img
8 February 2020

ക്ഷേത്രങ്ങൾ സന്തഋഷിക്കാനും പ്രാര്‍ത്ഥന നടത്താനും ആർക്കും ആരുടെയും അനുവാദം വേണ്ടെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പുണെയിലെ ആലന്ദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പവാര്‍. നിങ്ങൾക്ക് ആർക്കെങ്കിലും വിത്തല്‍ ഭഗവാനെ തൊഴണമെന്നുണ്ടെങ്കില്‍ പന്ധര്‍പുരില്‍ പോകുക, അഥവാ ധ്യാനേശ്വരനെയും തുക്കാറാമിനെയും തൊഴണമെങ്കില്‍ ആലന്ദിയിലും ദേഹുവിലും പോകുക- അദ്ദേഹം പറഞ്ഞു.

ക്ഷേത്രദർശനം നടത്താൻ ആരെങ്കിലും നിങ്ങളോട് അനുവാദം വേണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വര്‍ക്കാരി സമ്പ്രദായ്(മഹാരാഷ്ട്രയിലെ മത പരിഷ്കരണ പ്രസ്ഥാനം) മനസ്സിലായിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും ശരദ് പവാര്‍ വ്യക്തമാക്കി. അതേസമയം ശരദ് പവാറിന്‍റെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ വര്‍ക്കാരി പരിഷദ് രംഗത്തെത്തി.

മത പരിപാടിയിൽ നിരീശ്വരവാദികളായ നേതാക്കളെ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വളരെ ബഹുമാനിക്കപ്പെടുന്ന ശരദ് പവാര്‍ ഇങ്ങനെയാണെങ്കില്‍ രാമായണവും വേണ്ടെന്ന് പറയും. ദൈവങ്ങളെയും ഹിന്ദുമതത്തെയും അപമാനിക്കുന്നവരെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.