കേന്ദ്രസർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ക്ഷേത്രങ്ങളില്‍ സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെ: കനയ്യ കുമാര്‍

single-img
8 February 2020

രാജ്യത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് സ്വന്തം ജനങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് സിപിഐ നേതാവ് കനയ്യ കുമാർ. കേവലം ഒരു നാടകം കളിച്ചതിന്റെ പേരിൽ സ്കൂൾ കുട്ടികളെ വരെ കേന്ദ്ര സർക്കാർ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു.

അതേസമയം ജമ്മുവിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസുകാരൻ രാജ്യദ്രോഹിയല്ലെന്ന നിലപാടാണ് സർക്കാരിനെന്നും കനയ്യ ആരോപിക്കുന്നു. ബീഹാറിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡ്സെയുടെ അനുയായികളാണ് ബിജെപിയിലുള്ളവർ എന്നും യുവാക്കളുടെ കയ്യിൽ തോക്ക് നൽകി തെരുവിലേക്ക് ഇറക്കുമ്പോഴും സ്വന്തം മക്കളെ ബിസിസിഐ സെക്രട്ടറി സ്ഥാനത്തെത്തിക്കാൻ ഇവർ മറക്കാറില്ലെന്നും കനയ്യ പറഞ്ഞു.

നേതാക്കൾ തങ്ങളുടെ മക്കളെ വിദേശ സർവകലാശാലകളിലയച്ചാണ് പഠിപ്പിക്കുന്നതെന്നും കേവലം ബിരുദ പഠനം പോലും അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട അവസ്ഥയിലാണ് ഈ രാജ്യത്തെ സാധാരണക്കാരെന്നും കനയ്യ പറഞ്ഞു. രാജ്യത്ത് ഹിന്ദു–മുസ്‌ലിം സംഘർഷമുണ്ടാക്കുന്നത് മാത്രമാണ് ബിജെപിയുടെ അജണ്ട. കേന്ദ്ര സർക്കാരിനെയും പൗരത്വ നിയമഭേദഗതിയെയും എതിർക്കുന്നവർ അഭയാർഥി വിരോധികളാണെന്ന വ്യാജവാദമാണ് ആഭ്യന്തരമന്ത്രി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.