എൻപിആറിൽ അപൂർവ നടപടി; പ്രധാന മന്ത്രിയുടെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു

single-img
7 February 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) സംബന്ധിച്ചു നടത്തിയ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നു നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിപക്ഷത്തെ വിമർശിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ പരാമർശത്തിലെ വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യംഉയർന്നതിനെ തുടർന്നാണ് രാജ്യസഭാ ചെയർമാർ എം വെങ്കയ്യ നായിഡുവിന്റെ നടപടി. പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തിലെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് അപൂർവനടപടിയാണ്.

കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികളെ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജനസംഖ്യാ രജിസ്റ്റർ ജനസംഖ്യാപരമായ വിവരങ്ങൾ ഉപയോഗിച്ച് നവീകരിക്കുന്നതെന്ന് മോദി രാജ്യസഭയിൽ പറഞ്ഞിരുന്നു. ആദ്യമായി 2010–ൽ കോൺഗ്രസാണ് രാജ്യത്ത് എൻപിആർ കൊണ്ടുവന്നതെന്നും 2015ൽ ചിത്രവും ബയോമെട്രിക് വിവരങ്ങളും ചേർന്ന് പുതുക്കുക മാത്രമാണ് ചെയ്തതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗ ശേഷം മറുപടി നൽകിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസംഗത്തിലെ ഒരു വാക്കും രാജ്യസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.