വിജയ്‌ സിനിമ മാസ്റ്റേഴ്‍സിന്‍റെ ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍

single-img
7 February 2020

മുപ്പത് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെ നടന്‍ വിജയ് അഭിനയിക്കുന്ന പുതിയ സിനിമയായ മാസ്റ്റേഴ്‍സിന്‍റെ ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. തമിഴ്‌നാട്ടിലെ നെയ്‍വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.സ്ഥാപനത്തിന്റെ വെളിയിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

ആദായ നികുതി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിന് ശേഷം മാസ്റ്റേഴ്‍സ് സിനിമയുടെ ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയിരുന്നു. വിജയ് യുടെ അവസാനം പുറത്തിറങ്ങിയ ‘ബിഗിൽ’ സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.