രാജ്യത്തെ ഷഹീൻ ബാഗ് ആക്കാനാണ് കോണ്‍ഗ്രസ് ശ്രമം: ബിജെപി

single-img
6 February 2020

രാജ്യത്തിനെ പൂർണ്ണമായി ഷഹീൻബാ​ഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് രാഹുൽ ​ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി. രാജ്യത്തെ യുവജനങ്ങൾ മോദിയെ വടി കൊണ്ട് അടിക്കുമെന്ന രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപിയുടെ പ്രതികരണം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുൽ​​ഗാന്ധിയുടെ വിവാദ പരാമർശം.

നമ്മുടെ പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവജനങ്ങൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോ​ഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ​പറഞ്ഞത്.

”ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. പക്ഷെ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം.” രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ ഈ പ്രസ്താവനകൾക്കെത്തിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശനമുന്നയിച്ചു. ഇന്ത്യയെ ഒരു ഷഹീൻ ബാഗ് ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി മന്ത്രി കുറ്റപ്പെടുത്തി.