കൊറോണ ലക്ഷണങ്ങളുമായി രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

single-img
3 February 2020

കോട്ടയം: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് പേരെ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. പതിനാല് ദിവസം മുമ്പ് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു ഇത്രയുംദിവസം. എന്നാല്‍ ഇപ്പോള്‍ രോഗലക്ഷണങ്ങളായ പനി,തൊണ്ടവേദന,ശ്വാസതടസം,ജലദോഷം എന്നി അസ്വസ്ഥതകള്‍ ബാധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം കോട്ടയം ജില്ലയില്‍ ഇതുവരെ ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചൈന,ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് പതിനാല് ദിവസത്തിനകം 79 പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാദിവസവും ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.