കൊറോണ വൈറസ്; ചൈനയില്‍ മരണം 300 കടന്നു, വുഹാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഇന്ത്യയിലെത്തും

single-img
2 February 2020

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പതിനാലായിരത്തി ലേറെപ്പേര്‍ ചികിത്സയിലാണ്. മുന്‍കരുതലുകള്‍ എല്ലാം സ്വീകിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും രാജ്യത്ത് വൈറസ് പടരുകയാണ്.കഴിഞ്ഞ ദിവസം മാത്രം 50ലേറെപ്പേര്‍ മരണപ്പെട്ടു.

വൈറസ് പടര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ഇസ്രയേലും, റഷ്യയും, കുവൈത്തുമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിമാന കമ്പനികളും ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ വിസമ്മതിച്ചിട്ടുണ്ട്.

ഇതിനിടെ അമേരിക്കയിലും ജര്‍മനിയിലും വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അതിര്‍ത്തികള്‍ അടയ്ക്കാതെ സ്‌കാനര്‍ സ്ഥപിക്കുന്നതടക്കം പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

അതേ സമയം ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടും. വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും.42 മലയാളികളടക്കം 324 പേരെ ഇന്നലെ എത്തിച്ചിരുന്നു.14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് അയക്കുകയുള്ളു.