ഞാനൊരു ഇന്ത്യാക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരെന്ന് രാഹുൽ ഗാന്ധി: വയനാട്ടിലെ ലോങ് മാർച്ചിൽ വൻ ജനപങ്കാളിത്തം

single-img
30 January 2020

കല്‍പറ്റ: ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ചുവീണ ഓരോ മനുഷ്യരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കുക’ എന്ന മുദ്രവാക്യം ഉയർത്തി കോൺഗ്രസ് കൽപ്പറ്റയിൽ സംഘടിപ്പിച്ച ലോങ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ട ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ഞാനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ പറയാന്‍ ആരാണ് നരേന്ദ മോദി. മോദിക്ക് ആരാണ് അതിന് അധികാരം നല്‍കിയത്. ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ച് വീണ 130 കോടി ജനങ്ങള്‍ക്കും ആരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല’


രാഹുല്‍ പറഞ്ഞു.
Live From Kalpetta, Kerala

Live From Kalpetta, Kerala

Posted by Rahul Gandhi on Wednesday, January 29, 2020

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ് തയാറെടുക്കുന്നതിനൊപ്പമാണ് രാഹുലിന്റെ ലോങ് മാർച്ച്. വൻ ജനവലിയാണ് മാർച്ചിൽ പങ്കെടുത്തത്.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എെഎസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ പി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായം പറയുന്നവരേയും വിശ്വാസം തുറന്ന് പറയുന്നവരേയും വെടിവെച്ച് കൊല്ലുകയും അക്രമിക്കുകയും ചെയ്യുന്നു. പ്രധാനാമന്ത്രി മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേ മാത്രമാണ്. എല്ലാ തുറമുഖങ്ങളും ഇതിനോടകം അദാനിക്ക് വിറ്റ് കഴിഞ്ഞു. ബിഎസ്എന്‍എല്‍ അടച്ച് പൂട്ടാന്‍ പോകുന്നു. ഭാരത് പെട്രോളിയവും എയര്‍ഇന്ത്യയും വില്‍പനക്ക് വെച്ചിരിക്കുന്നു. റെയില്‍വേ സ്വകാര്യ വത്കരണ പാതയിലാണെന്നും രാഹുല്‍ പറഞ്ഞു.

‘നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ നമ്മുടെ യുവാക്കള്‍ക്ക് ഭാവിയില്ല. നിങ്ങള്‍ക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാന്‍ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണ്. ജിഡിപി കൂപ്പുകുത്തുന്നു. ഓരോ മേഖലയിലും പ്രതിസന്ധിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പോലും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല. എല്ലാ പ്രതിസന്ധികള്‍ക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് പടര്‍ത്തുന്ന വിദ്വേഷവും വെറുപ്പുമാണ്. എല്ലായിടങ്ങളിലും വെറുപ്പാണ്. മോദിയും ഗോഡ്‌സേയും ഒരേ ആശയത്തിന്റെ വാക്താക്കളാണ്. ഗാന്ധിജിയുടെ കണ്ണില്‍ നോക്കാതെയാണ് ഗോഡ്‌സെ വെടിയുതിര്‍ത്തത്. മോദിയും അത് തന്നെ ചെയ്യുന്നു.വെറുപ്പിന്റെ രാഷ്ട്രീയം എതിര്‍ത്ത് പരാജയപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. സ്‌നേഹത്തിലൂടെയും സമാധാനത്തിലൂടെയും നമ്മള്‍ അവരെ പരാജയപ്പെടുത്തും.’

രാഹുൽ പറഞ്ഞു.